സംസ്ഥാനത്ത് ചൂട് കൂടുന്നു. തുലാ മഴയില്ലാത്തതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടാൻ കാരണം. മുൻവർഷങ്ങളേക്കാൾ ചൂടു കൂടുന്നതോടെ അതി ഗുരുതരമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തുമെന്നതാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.
സർവ്വ റെക്കോർഡുകളും ഭേതിക്കുന്നതാവും ഇത്തവണത്തെ ചൂടുകാലമെന്നതിന്‍റെ സൂചനകളാണ് എങ്ങും. മുണ്ടൂർ ഐആർടിയിലെ താപമാപിനിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 39 ഡിഗ്രി സെൽഷ്യസ്. മുൻ വർഷങ്ങളിൽ ഈ കാലത്തുണ്ടായിരുന്നതിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതൽ.
കഴിഞ്ഞ രാത്രിയിൽ അപ്രതീക്ഷിതമായി കിട്ടിയ വേനൽ മഴയിൽ പ്രതീക്ഷ വേണ്ടെന്നാണ് വിലയിരുത്തൽ. മണ്ണിലെ ഈർപ്പമില്ലാതായി ജല സ്രോതസ്സുകളും സംഭരണികളും നേരത്തെ വറ്റും. ശുദ്ധ ജലമില്ലാതാകുന്നതോടെ ജലജന്യ രോഗങ്ങൾക്കുള്ള സാധ്യതയും ഏറെയാണ്.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതും ഇത്തവണ വളരെ കുറവാണ്. അതായത്, മുഴുവൻ നീരും വറ്റിപ്പോകുന്ന പകലുകളിലേക്ക്, കൊടും വേനലിലേക്ക് ഇനി അധികം ദൂരമില്ല.
