ദോഹ: ഖത്തറില്‍ അടുത്ത രണ്ടു ദിവസം ചൂട് ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഉഷ്ണക്കാറ്റ് പ്രതീക്ഷിക്കുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ പകല്‍ സമയങ്ങളിലെ താപനില ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമെന്നും ഇപ്പോഴത്തേതില്‍ നിന്നും മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അന്തരീക്ഷ മര്‍ദം ഉയരുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായി പറയപ്പെടുന്നത്.രാജ്യത്തിന്റെ ചില മേഖലകളില്‍ 38 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ ചൂട് കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ കാറ്റിനെ കരുതിയിരിക്കണമെന്നും പുറത്തിറങ്ങുന്നവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. നിലവില്‍ രാജ്യത്തിന്റെ ദക്ഷിണ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 48 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വീടിന്റെയും ഓഫീസുകളുടെയും വാതിലുകളും ജനാലകളും അടച്ചിടുക, വായും മൂക്കും ഉള്‍പ്പെടെ ഇടക്കിടെ മുഖം കഴുകുക, കണ്ണുകള്‍ ശക്തമായി തിരുമ്മുന്നത് ഒഴിവാക്കുക, ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുമ്പോള്‍ ചികിത്സ തേടുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളും കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്.ഇതിനിടെ റോഡുകളില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്..അപകട സാധ്യത കണക്കിലെടുത്ത് കാലപ്പഴക്കം വന്നതും തേയ്മാനം വന്നതുമായ ടയറുകള്‍ ഒരു കാരണവശാലും വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്നു അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.