ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട രാജ്യം കുവൈത്താണന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസായുടെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി നാഷണല്‍ ഓഷ്യാനിക് ആന്റെ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 21ന് 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുവൈറ്റില്‍ അനുഭവപ്പെട്ട ചൂട്. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി ചൂടിനേക്കാള്‍ 1.57 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടാണ് കഴിഞ്ഞമാസം അനുഭവപ്പെട്ടത്. സമുദ്രം ചൂടാകുന്ന എല്‍ നീനോ പ്രതിഭാസവും ഫോസില്‍ ഇന്ധനം കത്തുന്നതുമാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ധിപ്പിച്ചതെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇതേക്കുറിച്ച് പഠിക്കാന്‍ ഒരുകമ്മിറ്റിയെ നിയോഗിക്കുമെന്ന് യുഎന്നിലെ ആഗോള കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി 48 മുതല്‍ 51 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ടിരുന്നു. വടക്കു പടിഞ്ഞാറന്‍ കാറ്റ് 15 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. വേനല്‍ ചൂട് കനത്തതോടെ തീപിടുത്ത സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതായി മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കില്ലും അത് കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.