Asianet News MalayalamAsianet News Malayalam

കേരളം ചുട്ടുപൊള്ളുന്നു: താപനില മൂന്ന് ഡിഗ്രി കൂടി: തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്

കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

heavy increase in temperature in kerala weather
Author
Thiruvananthapuram, First Published Feb 22, 2019, 2:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ താപനിലയില്‍ ക്രമാതീതമായ വര്‍ധന. പോയ ദിവസങ്ങളില്‍ താപനില മൂന്ന് ഡിഗ്രിയോളം വര്‍ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനല്‍ക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരി മാസത്തില്‍ തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂടാണ്.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്ന് ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി 2ഡിഗ്രി ചൂടാണ് കൂടിയത്.വരണ്ട അന്തരീക്ഷം, മഴയുടെ കുറവ്, എന്നിവക്ക് പുറമേ വരണ്ട വടക്കുകിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂട് കൂടാന്‍ കാരണമായി.ഫെബ്രവരി 15 മുതല്‍ മാര്‍ച്ച് 21 വരെ സൂര്യ രശ്മികള്‍ കേരളത്തില്‍ തീഷ്ണമായി പതിക്കുന്ന കാലയളവാണ്.

ആഗോളതാപനത്തിന്‍റെ ഭാഗമായ കാലാവസ്ഥ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്. കേരളത്തില്‍ ജനുവരി 1 മുതല്‍ ഇന്നലെവരെ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മഴ അകന്നു നില്‍ക്കുന്ന അവസ്ഥ തുടര്‍ന്നാല്‍  കേരളത്തിലെ പല ജില്ലകളിലും ഈ വര്‍ഷം റെക്കോര്‍ഡ് ചൂടാവും രേഖപ്പെടുത്തുക. 

Follow Us:
Download App:
  • android
  • ios