Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കാലവർഷം ശക്തമായി: ഉരുള്‍ പൊട്ടലും കൃഷിനാശവും

Heavy Monsoon Rains over kerala
Author
First Published Jun 27, 2017, 7:14 PM IST

കൊച്ചി: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി.  നദികളിലെ ജലനിരപ്പുയർന്നു.  പല ഡാമുകളുടെയും ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാറിലും പാണ്ടിപ്പാറയിലും ഉരുള്‍പൊട്ടി ഒന്നര ഏക്കറിലെ കൃഷി നശിച്ചു .

ഇന്നലെ തുടങ്ങിയ മഴ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്.  താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി.   കൊച്ചിയിലെ മഴയ്ക്ക് മുന്‍പ് വൃത്തിയാക്കാത്തത് പ്രശ്നം രൂക്ഷമാക്കി.എംജി റോഡും കമ്മട്ടിപ്പാടവും അടക്കമുള്ള പ്രദേശങ്ങൾ  വെള്ളത്തിനടിയിലായി. 

വയനാട് ചുരത്തിലെ ഒന്‍പതാം വളവിൽ മണ്ണിടിഞ്ഞ് മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മന്ത്രി വിഎസ് സുനില്‍കുമാറിന്‍റെയടക്കം വാഹനങ്ങള്‍ കുരുക്കില്‍പെട്ടു.   

കനത്ത മഴയെത്തുടര്‍ന്ന് കൊട്ടാരക്കര ഏനാത്ത് പാലത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. റോഡിന് കുറുകേ മരം വീണതിനെത്തുടര്‍ന്ന് ബെയ്‍ലി പാലത്തിലൂടെയുളള ഗതാഗതവും ഏതാനും മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെട്ടു.

ഇടുക്കിയിലും മഴ തകർത്ത് പെയ്യുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര, പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. കുളമാവിനു സമീപം ഓട്ടോറിക്ഷക്കു മുകളിലേക്ക് മരം വീണ് ഒരാൾക്ക് പരുക്കേറ്റു.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടിയോളം കൂടി.

ജലനിരപ്പുയർന്നതിനെ തുടർന്ന് പത്തനംതിട്ടയിലെ മണിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും ഉയർത്തി .കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവിൽ സ്കൂൾ ബസിന്‍റെ മുകളിലേക്ക് മരങ്ങൾ കടം പുഴകി വീണു. ബസ്സിലുണ്ടായിരുന്ന ഇരുപതോളം കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 

താഴത്തങ്ങാടി അറുപുഴയിൽ  മരം വീണ് വീടും 3 വാഹനങ്ങളും തകർന്നു.   രണ്ട് ദിവസം കൂടി മഴ തുടരും. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios