അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം പതിനൊന്നായി. മലയോര തീരദേശ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കി രാജാക്കാട് ഉരുൾപൊട്ടലിൽ കൃഷിയിടം ഒലിച്ച് പോയി. അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
മരം വീണ് പരിക്കേറ്റിരുന്ന എട്ട് വയസ്സുകാരൻ മല്ലപ്പള്ളി സ്വദേശി അക്ഷയും, നിലത്തു വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം സ്വദേശി ശശിധരനുമാണ് ഇന്ന് മരിച്ചത്.
മഴ കനത്തതോടെ ഇടുക്കി രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഉരുൾപൊട്ടി. ഒന്നരയേക്കർ കൃഷിയിടം ഒലിച്ച് പോയി. ആളപായമില്ല. ഇടുക്കിയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങൾ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോതമംഗലം കുട്ടംമ്പുഴയിൽ 14 ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. പറവൂർ കോതമംഗംലം താലൂക്കൂകളിലായി 13 വീടുകൾ ഭാഗികമായി തകർന്നു. ചാലക്കുടി പുഴ, തൊടുപുഴയാർ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചാവക്കാട്, ചെല്ലാനം തീരദേശമേഖലകളിൽ കടലാക്രമണം ശക്തമായി. നിരവധി വീടുകളിൽ വെള്ളം കയറി. കോഴി്ക്കോട് ശക്തമായ മഴയിൽ 23 വീടുകളാണ് ഭാഗികമായി തകർന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലാ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
കേരളത്തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗതയിലും ചിലഅവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര് വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. ഇതിനാൽ കടൽ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധത്തിന് പോകരുത്. മറ്റിടങ്ങളിൽ മത്സ്യബന്ധത്തിന് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു.
