മഴ കനത്തതോടെ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നെല്‍പാടങ്ങള്‍ മടവീഴ്ച ഭീഷണിയില്‍. 

കുട്ടനാട്: മഴ കനത്തതോടെ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നെല്‍പാടങ്ങള്‍ മടവീഴ്ച ഭീഷണിയില്‍. കഴിഞ്ഞ ദിവസം തോട്ടപ്പള്ളിയിലെ കരിനിലം മേഖലയില്‍ മടവീഴ്ചമൂലം അഞ്ഞൂറേക്കറിലധികം നെല്‍കൃഷിയാണ് നശിച്ചത്.

 ശക്തമായ വെള്ളം ഒഴുകിയെത്തുന്നതോടെ കുട്ടനാട്ടിലും പരിസരങ്ങളിലും മടവീഴ്ച പതിവാണ്. ഇത്തവണ തോട്ടപ്പള്ളിക്കടുത്തടുത്തുളള കരിനിലത്താണ് ആദ്യ മടവീഴ്ചയുണ്ടായത്. തോട്ടപ്പളളി സ്പില്‍വേയ്ക്കടുത്ത് നാലുചിറയിലാണ് മടവീഴ്ച. മടവീണ് 430 ഏക്കറിലെ കൃഷി നശിച്ചു. ഇവിടെ രണ്ടാംവിളക്കായി വിത്തിറക്കിയതായിരുന്നു . 

പല പാടശേഖരങ്ങളിലും പുറം ബണ്ട് ശക്തമല്ല. ശക്തമായി ഒഴുകിവരുന്ന വെള്ളത്തില്‍ കൃഷി പൂര്‍ണ്ണമായും നശിക്കുകയാണ് പതിവ്. ഓരോ വര്‍ഷവും ഉണ്ടാകുന്ന മടവീഴ്ചയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ പാടശേഖരത്തിലും ഉണ്ടാവുക. പാടശേഖരത്തോട് ചേര്‍ന്ന ബണ്ടുകളെല്ലാം ബലപ്പെടുത്തുമെന്ന പ്രഖ്യാപനമല്ലാതെ ഒന്നും നടക്കുന്നില്ലെന്ന വലിയ പരാതിയാണ് ആലപ്പുഴയിലെ നെല്‍ക്കര്‍ഷകര്‍ക്ക്..