സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഓഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് കാരണം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഓഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് കാരണം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ വരുന്ന 48 മണിക്കൂര്‍ നേരത്തേക്ക് അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 11 സെന്‍റിമീറ്റര്‍ വരെ ശക്തിയുളള മഴയും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും 20 സെന്‍റീമീറ്റര്‍ വരെയുളള അതിശക്തമായ മഴയും പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സാധാരണ നിലയില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടാല്‍ മൂന്ന് നാല് ദിവസം കൊണ്ട് ദുര്‍ബലമാകാറുണ്ടെങ്കിലും ഇക്കുറി പതിവ് തെറ്റി.

മണിക്കൂറില്‍ 35 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ ഇടയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.