പമ്പ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആരംഭിച്ച മഴ ശബരിമലയില്‍ തുടരുന്നു. ഇന്നലെ ആരംഭിച്ച മഴ ഇന്നലെ രാത്രിയിലും പകലിലും ഏറിയും കുറഞ്ഞു തുടരുകയാണ്. ശമനമില്ലാതെ തുടരുന്ന മഴയെ തുടര്‍ന്ന് ഇന്നലെ സന്ധ്യമുതല്‍ ഇന്ന് രാവിലെ ഏഴ് മണി വരെ മലകയറുന്നതിന് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
രാവിലെ അയ്യപ്പന്‍മാര്‍ കൂട്ടത്തോടെ എത്തിയതോടെ സന്നിധാനത്ത് കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് നിയന്ത്രണം പിന്‍വലിച്ചതോടെ ത്രിവേണിയില്‍ നല്ല ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്.
അതേസമയം ഇന്നലെ നിറഞ്ഞൊഴുകിയ പമ്പാ നദിയില്‍ ജലനിരപ്പ് സാധാരണനിലയിലായി. കാനനപാതയില്‍ മണ്ണിടിച്ചിലിനും മരം വീഴാനും സാധ്യതയുള്ളതിനാലും നിയന്ത്രണങ്ങളെ തുടര്‍ന്ന് ദര്‍ശനം വൈകിയ അയ്യപ്പന്‍മാര്‍ കൂട്ടത്തോടെ മടങ്ങുന്നതിനാലും വനപാതയിലൂടെയുള്ള യാത്ര ശ്രദ്ധയോടെ വേണമെന്ന് അധികൃതര്‍ അറിയിച്ചു.
