മുംബൈ നഗരത്തിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും
മുംബൈ: രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ തീരത്ത് ശക്തമായ മഴ. കനത്ത മഴയിൽ മുംബൈ നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. കൊങ്കൺ മേഖലയിലെ ദഹനുവിൽ ഞായറാഴ്ച്ച രാവിലെ എട്ടര മുതലുള്ള 24 മണിക്കൂറിൽ 354 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ നഗരത്തിലെ കൊളാബ മേഖലയിൽ 105 മില്ലിമീറ്റർ രേഖപ്പെടുത്തി. സാന്റാ ക്രൂസിൽ 76 മിമീ മഴയും താനെയിൽ 156 മില്ലിമീറ്റർ മഴയം പെയ്തെന്നാണ് കണക്ക്. അടുത്ത 24 മണിക്കൂർ കൂടി മുംബൈ നഗരമേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
കർണാടക-കേരള തീരപ്രദേശങ്ങളിലും ഞായറാഴ്ച്ച മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. അടുത്ത കുറച്ചു ദിവസങ്ങൾ കൂടി കൊങ്കൺ മേഖലയിലും കർണാടകയുടെ തീരപ്രദേശങ്ങളിലും മഴ തുടരും. കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യും.
