കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ. ഉരുപ്പുംകുറ്റി ഏഴാംകടവ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അയ്യൻകുന്ന് പഞ്ചായത്തിലെ മലയോരമേഖലയാണിത്. വനത്തിനുള്ളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആളപായമില്ല.
കണ്ണൂര്‍: കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ. ഉരുപ്പുംകുറ്റി ഏഴാംകടവ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അയ്യൻകുന്ന് പഞ്ചായത്തിലെ മലയോരമേഖലയാണിത്. വനത്തിനുള്ളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആളപായമില്ല. എന്നാൽ ശക്തമായ മലവെള്ളപ്പാച്ചിൽ തുടരുകയാണ്. നാട്ടുകാർ ഉപയോഗിച്ചിരുന്ന രണ്ട് താത്കാലിക പാലങ്ങൾ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഏഴാംകടവ് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. 20ലധികം കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ കഴിയുന്നത്.
വടക്കന്‍ കേരളത്തില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുകയാണ്. മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. നിലമ്പൂര്‍ ആഢ്യന്‍പാറയിലും മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുമാണ് ഉരുൾപൊട്ടലുണ്ടായത്. മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ ആനക്കല്ലിലാണ് ഉരുള്‍പൊട്ടിയത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ എലിവാലിന് സമീപമുള്ള പ്രദേശമാണ് ആനക്കല്ല്. ജനവാസമേഖലയല്ലാത്തതിനാല്‍ ആളപായമില്ല. ഉരുള്‍പൊട്ടിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. നാല് ദിവസം മുന്‍പ് ഒന്നരമീറ്ററില്‍ നിന്ന് 3 സെന്‍റീമീറ്ററിലേക്ക് താഴ്ത്തിയ ഷട്ടര്‍ ഇന്ന് രാവിലെയോടെ 30 സെന്‍റിമീറ്ററായി ഉയര്‍ത്തിയിരുന്നു. ഉരുള്‍പൊട്ടലിന് ശേഷം ഇത് നാല്‍പത്തിയഞ്ച് സെന്‍റിമീറ്ററാക്കി. മലപ്പുറത്ത് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ ആറ് പേര്‍ മരിച്ച ചെട്ടിയാംപാറക്ക് സമീപം ആഢ്യന്‍പാറ തെന്‍മലയിലാണ് ഉരുള്‍പൊട്ടിയത്.
മഴയുമായി ബന്ധപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ...
- ഇടുക്കിയിൽ ആശങ്ക ഒഴിയുന്നു, ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു
- കണ്ണൂർ അയ്യൻകുന്നു ഉരുപ്പുംകുറ്റി വനമേഖലയിൽ വീണ്ടും ഉരുൾപൊട്ടി
- ഏഴാംകടവ് പ്രദേശത്തു 2 നടപ്പാലങ്ങൾ തകർന്നു, ഏഴാംകടവ് പ്രദേശം ഒറ്റപ്പെട്ടു
- വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു.
- പമ്പാ നദിയിൽ ജലനിരപ്പുയർന്നേക്കുമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആലപ്പുഴ ജില്ലാ കലക്ടർ
- ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദ്ദേശം; ശബരിമലയിൽ ഭക്തജനങ്ങൾക്ക് വിലക്ക്
- പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകൾ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
- ബാണാസുര സാഗർ അണക്കെട്ടിലെ നീരൊഴുക്ക് കൂടിയതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അറിയിപ്പ്, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
- പാലക്കാട് കൽപ്പാത്തി പുഴയിൽ കാണാതായ മൂത്താന്തറ സ്വദേശി രാജൻ (54)ന്റെ മൃതദേഹം കണ്ടെത്തി
- എറണാകുളം ജില്ലയിലെ പ്രളയക്കെടുതി അവലോകനം ചെയ്യാനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
- പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു
- ഇടുക്കി മാട്ടുപ്പെട്ടി ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്
- കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ, മറപ്പുഴയിൽ നിർമ്മിച്ച താത്കാലിക പാലം ഒലിച്ചുപോയി
- മലപ്പുറം നിലമ്പൂരിന് സമീപം ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ, ആളപായമില്ല
