കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി

കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലെയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കണ്ടറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. 

സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം. കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ മാറ്റി പാര്‍പ്പിക്കുന്നതിന് ജില്ലയില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കുമരംകുന്ന് സിഎംഎസ് എല്‍.പി. സ്‌കൂളില്‍ 15 പേരും ഞാറയ്ക്കല്‍ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ 12 പേരും വേളൂര്‍ സെന്റ് ജോണ്‍സ് യു.പി.സ്‌കൂളില്‍ 114 പേരും നാഗമ്പടം ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ 10 പേരും സംക്രാന്തി എസ്.എന്‍.ഡി.പി എല്‍.പി. സ്‌കൂളില്‍ നാലു പേരും ഇല്ലിക്കല്‍ എസ്.സി/എസ്.ടി ട്രെയിനിംഗ് സെന്ററില്‍ 35 പേരും ഉള്‍പ്പെടെ നിലവില്‍ 271 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

കൈപ്പുഴ എസ്.കെ.വി എല്‍.പി. സ്‌കൂള്‍, പാറമ്പുഴ പി.എച്ച് സെന്റര്‍, പുന്നത്തറ സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍, മടപ്പാട്ട് ശിശു വിഹാര്‍, മണര്‍കാട് സാംസ്‌ക്കാരിക നിലയം, മണര്‍കാട് ഗവ. എല്‍.പി. സ്‌കൂള്‍, പെരുമ്പായിക്കാട് സെന്റ് ജോര്‍ജ്ജ് പളളി ഹാള്‍, ചാലുകുന്ന് സിഎന്‍ഐ എല്‍.പി.എസ് എന്നിവിടങ്ങളിലായി 15 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.