22 ഡാമുകളാണ് സംസ്ഥാനത്ത് ഏതാണ്ട് എല്ലാഭാഗത്തും തുറന്നിരിക്കുന്നത്. ഈ അവസരത്തില്‍ മഴ ആസ്വദിക്കാം എന്ന് കരുതിയുള്ള വിനോദയാത്രങ്ങള്‍ ഒഴിവാക്കണം

തിരുവനന്തപുരം: കനത്ത മഴയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 22 ഡാമുകളാണ് സംസ്ഥാനത്ത് ഏതാണ്ട് എല്ലാഭാഗത്തും തുറന്നിരിക്കുന്നത്. ഈ അവസരത്തില്‍ മഴ ആസ്വദിക്കാം എന്ന് കരുതിയുള്ള വിനോദയാത്രങ്ങള്‍ ഒഴിവാക്കണം എന്നാണ് ദുരന്ത നിവാരണ അതോററ്റി പറയുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കഭീഷണിയും നേരിടുന്നതിനാൽ ഇവിടേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണം.

പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

ഇടുക്കിയ്ക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിൽ മഴക്കെടുതി കാര്യമായി തന്നെയുണ്ട്. ഈ ജില്ലകളിലെ ഡാമുകളിലും മിക്കതും തുറന്നതോ, തുറക്കുമെന്ന് മുന്നറിയിപ്പുള്ളതോ ആണ്. അതിനാൽ ഈ ജില്ലകളിലെ യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.