Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കനത്ത മഴ: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു, കോഴിക്കോടും കണ്ണൂരും ഉരുള്‍പൊട്ടല്‍

കണ്ണൂർ ഇരിട്ടി കീഴപ്പള്ളിയിൽ കനത്ത മഴയിൽ വീട് തകര്‍ന്ന് രണ്ടു പേരെ കാണാതായി. പാറയ്ക്കാപ്പാറയിലാണ് സംഭവം. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.ആറളം മേഖലയിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളം ഉയർന്നതിനാൽ വിയറ്റ്നാം കോളനി ഭാഗത്തെ 32 പേരെ ക്യാമ്പിലേക്ക് മാറ്റി. പെരിയാറിലും കൈവഴികളിലും നാളെ രാവിലെ അഞ്ച് മണി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

heavy Rain Landlide in kozhikode and kannur thamarasseri
Author
Kerala, First Published Aug 9, 2018, 2:08 AM IST

തിരുവനന്തപുരം/കോഴിക്കോട്:  സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലും ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും കനത്ത മഴ. ഇന്ന് രാവിലെയോടെ തുടങ്ങിയ ശക്തമായ മഴ രാത്രിയും തുടരുകയാണ്. വടക്കന്‍ കേളത്തിലാണ് മഴ ശക്തമായി തുടരുന്നത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും കോഴിക്കോടിന്‍റെ മലയോര ഗ്രാമങ്ങളിലും മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട്  താമരശേരി ചുരത്തിൽ അഞ്ചിടങ്ങളിൽ മണ്ണിടിഞ്ഞു വീണ് ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കുറ്റ്യാടി ചുരം ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയില്‍ പുതുപ്പാടി, കണ്ണപ്പൻകുണ്ട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.

കണ്ണൂർ ഇരിട്ടി കീഴപ്പള്ളിയിൽ കനത്ത മഴയിൽ വീട് തകര്‍ന്ന് രണ്ടു പേരെ കാണാതായി. പാറയ്ക്കാപ്പാറയിലാണ് സംഭവം. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.ആറളം മേഖലയിൽ രണ്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളം ഉയർന്നതിനാൽ വിയറ്റ്നാം കോളനി ഭാഗത്തെ 32 പേരെ ക്യാമ്പിലേക്ക് മാറ്റി. പെരിയാറിലും കൈവഴികളിലും നാളെ രാവിലെ അഞ്ച് മണി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

നീരൊഴുക്ക് ശക്തമായതോടെ മലമ്പുഴ, പീച്ചി അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. വിവിധ പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കണ്ണൂര്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതോടെ ഇ‍ടുക്കിയടക്കമുളള കേരളത്തിലെ ഡാമുകളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. പരമാവധി സംഭരണ ശേഷിയിലേക്കാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എത്തുന്നത്. ഇ‍ടമലയാർ, കക്കി അണക്കെട്ടുകൾ നാളെ രാവിലെ തുറക്കും. ഭൂതത്താൻകെട്ടിൽ ജലനിരപ്പ് രണ്ടരമീറ്റർ ഉയർന്ന സാഹചര്യത്തിൽ പെരിയാറിന് ഇരുകരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു.

2,397.18 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതും നീരൊഴുക്ക് കുറയാത്തതുമാണ് കാരണം. ഒറ്റ ദിവസം കൊണ്ട് മുക്കാൽ അടിയോളം വെള്ളമാണ് ഉയർന്നത്. ജലനിരപ്പ് 2,398 അടിയിലെത്തിയാൽ അണക്കെട്ടിന്‍റെ ഷട്ടർ തുറന്ന് ട്രയൽ റൺ നടത്താനാണ് തീരുമാനം. ഒരു ഷട്ടർ 40 സെന്‍റിമീറ്റർ ഉയർത്തിയാകും നാല് മണിക്കൂർ നീളുന്ന ട്രയൽ റൺ. ഇതിന് 24 മണിക്കൂർ മുമ്പ് പ്രദേശവാസികൾക്ക് ജില്ലഭരണകൂടം മുന്നറിയിപ്പ് നൽകും. 

2,403 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. ഇടമലയാർ, കക്കി അണക്കെട്ടുകളിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തു. ഇടമലയാറിൽ 168. 70 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. 169 -ൽ എത്തിയാൽ ഡാം തുറക്കും. നാളെ രാവിലെ ആറിന് ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.  പെരിയാറിൽ കുട്ടമ്പുഴ മുതൽ ആലുവവരെയുള്ള ഭാഗത്ത് ഒന്നര മീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. കക്കി അണക്കെട്ട് നാളെ തുറക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഷട്ടറുകൾ തുറക്കേണ്ടിവന്നാൽ പമ്പയാറില്‍ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരും. പ്രദേശത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. അപകട സാധ്യത മുന്നില്‍ കണ്ട് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. വയനാട് കളക്ടറേറ്റിലും മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍, കക്കയം, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍, കൂമ്പാറ, കുളിരാമുട്ടി എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ആനക്കല്ലുംപാറയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പുനസ്ഥാപിച്ചു. ഇരുവഴിഞ്ഞിപുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്.

കണ്ണൂര്‍ ജില്ലയിലെ ആറളം വനം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 12 സെന്‍റീമീറ്റര്‍ ഉയര്‍ത്തി. കല്‍പ്പാത്തിപുഴയുടേയും ഭാരതപുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ വെള്ളംകയറി. തൃശൂര്‍ പീച്ചി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്‍റെ ഷട്ടര്‍ ഒന്‍പത് ഇഞ്ച് കൂടി ഉയര്‍ത്തി. മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കുതിരാനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി. നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതിരപ്പള്ളിയില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ട്.

നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പൂര്‍ണ്ണമായും ഇടുക്കി, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ചില താലൂക്കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനൽ കോളേജ്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ എ.ആർ. അജയകുമാർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എന്നാല്‍, പരീക്ഷകള്‍ (ഹയര്‍ സെക്കൻഡറി, കോളേജ്) മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല എന്നീ താലൂക്കുകളിലെ മുഴുവൻ വിദ്യാലയങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി നാളെ പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. അതേസമയം, നാളെ നടക്കാനിരുന്ന ഹയര്‍സെക്കന്‍ററി ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാറ്റിവച്ചു. അതേസമയം കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios