അടുത്ത ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. തിരുവനന്തപുരത്ത് കനത്ത മഴ തുടര്‍ന്നതിനെ തുടര്‍ന്ന്  നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറന്നു. നദീതീരങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. തുലാവര്‍ഷമെത്തിയെന്നാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. 

തിരുവനന്തപുരം: അടുത്ത ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. തിരുവനന്തപുരത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറന്നു. നദീതീരങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. തുലാവര്‍ഷമെത്തിയെന്നാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. വടക്കൻ കേരളത്തില്‍ തുലാമഴ ശക്തിപ്പെട്ടിട്ടുണ്ട്. 

കനത്ത മഴയെതുടര്‍ന്ന് നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകൾ ഒരടിവീതം ഉയര്‍ത്തി. 83.4 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. നെയ്യാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഗസ്ത്യ വനമേഖല ഉള്‍പ്പെടെ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. 

അരുവിക്കര ഡാമില്‍ 46.58 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി 46.6 ആണ് ജലനിരപ്പ്. നാലു ഷട്ടറുകളിൽ ഒന്നു 90 സെന്‍റിമീറ്റര്‍ ഒന്നു 50 സെന്‍റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. പേപ്പാറ ഡാം ഷട്ടറുകൾ എട്ടു മണിയോടെ തുറന്നു. 108 മീറ്ററാണ് ഇവിടെ പരമാവധി ജല നിരപ്പ്. ഇപ്പോൾ 107.50 മീറ്റർ എത്തിയിട്ടുണ്ട്. നാലു ഷട്ടറുകളിൽ ഒന്നാണ് 50 സെന്‍റിമീറ്റര്‍ തുറന്നത്.

അതേസമയം, തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.