കനത്തമഴ: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ഇടുക്കി, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകളിലുമാണ് ഇന്ന് അവധി. ആലപ്പുഴയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല താലൂക്കുകളിലാണ് അവധി. പകരം ക്ലാസ്സുകള്‍ 21 ശനിയാഴ്ച നടക്കും.

വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എറണാകുളം ജില്ലയില്‍ അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കന്‍ററി വരെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐഎസ്ഇ സ്കൂളുകള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇവ നിശ്ചയിച്ചത് പ്രകാരം നടക്കും.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സമിതി മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.