യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17) അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.
നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസം ആയിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. അംഗൻവാടികളിൽ നിന്നും കുട്ടികൾക്കും ഗർഭിണികൾക്കും വൃദ്ധജനങ്ങൾക്കും നൽകുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇടുക്കി കോട്ടയം ജില്ലകളിൽ വൻ നാശനഷ്ടമാണ് സംഭവിച്ചത്. വെള്ളപ്പൊക്കത്തിൽ പാലയും ഈരാറ്റുപേട്ടയും ഒറ്റപ്പെട്ടു. മലയോരമേഖലയിൽ പല സ്ഥലങ്ങളിലും ഉരുൾപൊട്ടി. ഇടുക്കി ചീരിക്കടവിലുണ്ടായ ഈ ഉരുൾപൊട്ടലിൽ സെന്റ് ആന്റണീസ് പള്ളി പൂർണ്ണമായും തകർന്നു. പള്ളി വികാരി ഉൾപ്പടെ 15 പേർ ഉരൾപൊട്ടലുണ്ടാവുന്നതിന് തൊട്ട് മുമ്പ് മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. പീരുമേട് വണ്ടിപ്പെരിയാർ ചപ്പാത്ത് എന്നീ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. കൊച്ചി-ധനുഷ്കോടി ദേശീയപാത ഗതാഗതം താറുമാറായി.
