മലപ്പുറം: നിലമ്പൂരിന് സമീപമുണ്ടായ ഉരുള്‍ പൊട്ടലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. നിലമ്പൂര്‍, വണ്ടൂര്‍, കരുവാരന്‍കുണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി.

മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നാലിടത്താണ് ഉരുള്‍ പൊട്ടിയത്. നിലന്പൂരിന് സമീപം ചെട്ടിയാംപാറ, കരുവാരക്കുണ്ട്, ചേരി, കല്‍ക്കുണ്ട് എന്നിവിടങ്ങളില്‍. ചെട്ടിയാംപാറ ആദിവാസി കോളനിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചത്. പറപ്പാടന്‍ സുബ്രഹ്മണ്യന്‍റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സുബ്രഹ്മണ്യന്‍റെ അമ്മ കുഞ്ഞി, ഭാര്യ ഗീത, മക്കളായ നിവേദ്, നവനീത്, ബന്ധു മിധുന്‍ എന്നിവര്‍ മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു. സുബ്രഹ്മണ്യനായി തെരച്ചില്‍ തുടരുകയാണ്.

സമീപത്തെ മൂന്ന് വീടുകള്‍ക്ക് മുകളിലേക്കും മണ്ണിടിഞ്ഞ് വീണെങ്കിലും വീട് വിട്ട് ഓടിയതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. നിലമ്പൂര്‍, വണ്ടൂര്‍ ഭാഗങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലായി. വണ്ടൂര്‍-നടുവത്ത് കാപ്പില്‍ റോഡ് രണ്ടായി പിളര്‍ന്നു. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉള്‍പ്രദേശങ്ങളില്‍ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഇടപെടാന്‍ 70 അംഗ സൈന്യം മലപ്പുറത്തെത്തി.