വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.
ഇടുക്കി: കനത്തമഴയില്‍ ദേവികുളം താലൂക്കില്‍ വ്യാപകമായ നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.
കനത്ത മഴ മേഖലയില്‍ അപകട സാധ്യയുണര്‍ത്തുന്നുണ്ട്. പള്ളിവാസലിലെ പാറച്ചെരുവില്‍ ഉറങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പള്ളിവാസല്‍ വൈസ് പ്രസിഡന്റിന്റെ കുടുംബമാണ് രക്ഷപ്പെട്ടത്. രാത്രി 2.30 ന് വീണ കൂറ്റന്‍മരം വീടിനു മുകളിലേയ്ക്ക് വീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി നശിച്ചു. രണ്ടു കുട്ടികളടക്കം അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുടമസ്ഥനായ രാമര്‍, ഭാര്യ സെല്‍വി, പിതാവ് കണ്ണന്‍, മക്കളായ അപര്‍ണ, താരക എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനു സമീപം തന്നെയുള്ള അനീഷിന്റെ വീടിന്റെ ഓടുകള്‍ കാറ്റത്ത് തകര്‍ന്നു.

മൂന്നാറിലെ മാര്‍ത്തോമ റിട്രീറ്റ് സെന്ററിന് മുകളിലും വലിയ മരം വീണെങ്കിലും മുറിയ്ക്കുള്ളിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. മൂന്നാറിലെ അന്തോണിയാര്‍ കോളനിയിലുണ്ടായിരുന്ന കുരിശടിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് തിരുസ്വരൂപങ്ങളടക്കം നശിച്ചു. മലകളുടെ താഴ്‌വരകളിലും മണ്‍ചെരിവുകള്‍ക്കും ചേര്‍ന്നുള്ള വീടുകള്‍ ഭീഷണിയിലായി. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ നിരവധി മരങ്ങള്‍ കടപുഴകി റോഡിലേയ്ക്ക് വീണു. എല്ലപ്പെട്ടിയില്‍ റോഡിലേയ്ക്ക് വലിയ മരം വീണത് മൂലം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കാറ്റ് ശക്തമായി തുടരുന്നത് മേല്‍ക്കൂര ഷീറ്റ് പതിച്ചിരിക്കുന്ന വീടുകള്‍ക്ക് ഭീഷണിയായി.
മഴ കനത്തതോടെ അരുവികളിലും തോടുകളിലും നീരൊഴുക്ക് ശക്തമായിട്ടുണ്ട്. വേനലില്‍ നീരൊഴുക്ക് വറ്റി ശോഷിച്ചിരുന്ന മുതിരപ്പുഴയിലും നീരൊഴുക്ക് ശക്തമായിട്ടുണ്ട്. കുഞ്ചിത്തണ്ണിയിലെ ഈട്ടിസിറ്റിയില്‍ നിരവധി വീടുകള്‍ക്ക് കേടുപറ്റി. മാങ്കുളത്ത് നിരവധി കൃഷിസ്ഥലങ്ങള്‍ നശിക്കാനിടയായിട്ടുണ്ട്. വാസസ്ഥലത്തിനടുത്ത് അപകടകരമായ വിധത്തില്‍ മരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വനം വകുപ്പും ബന്ധപ്പെട്ട വകുപ്പുകളും പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിയെടുക്കാത്തത് അപകടഭീഷണി വര്‍ധിപ്പിക്കുകയാണ്.
