നൈനിറ്റാള്‍: പേമാരി ദുരിതം വിതച്ച ഉത്തരാഖണ്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തകര്‍ന്ന റോഡുകള്‍ പുനഃസ്ഥാപിച്ചു വരികയാണെന്നു മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ഡെറാഡൂണില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു.
കാലവര്‍ഷം ഉത്തരേന്ത്യയില്‍ എത്തിയതിനെത്തുടര്‍ന്ന് മഴ കനക്കുന്നതാണ് ഉത്തരാഘണ്ടില്‍ രക്ഷാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി. ഇന്നലെ വൈകിട്ടാണു മഴ വീണ്ടും ശക്തിപ്പെട്ടത്.
സൈന്യത്തിന്റെയും ദുരന്ത നിവാരണസേനയുടെയും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേനയുടെയും നേതൃത്വത്തില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങങ്ങള്‍ക്കിടെ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡെറാഡൂണിലെ ചക്രാതയില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്കു മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്കു പരിക്കുണ്ട്.
മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും പ്രധാന പാതകളിലെല്ലാം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ചാര്‍ധാം യാത്രയും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇന്നും സ്ഥിതിഗതികള്‍ വിലയിരുത്തി. ഗതാഗതം ഉടന്‍ പുനസ്ഥാപിക്കാനാകുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
അളകനന്ദ നദി പല സ്ഥലങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. ചമൊലിയില്‍ ആറു പിത്തോര്‍ഗഢില്‍ 12പേരെയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വരും മണിക്കൂറില്‍ മഴ കനത്താല്‍ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകും.
