21 മാസം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ട രാജ്യമാണ് ദക്ഷിണ കൊറിയ ലോകകപ്പ് സ്യോംങ് ഹ്യൂങ് മിന്നിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകം

മോസ്കോ: ദക്ഷിണ കൊറിയയുടെ ഹ്യൂംങ് മിന്നിന് ഈ ലോകകപ്പ് ഏറെ നിര്‍ണ്ണായകമാണ്. നന്നായി കളിച്ചില്ലെങ്കിൽ പട്ടാളത്തിൽ നിര്‍ബന്ധിത സേവനത്തിനായി എത്തണമെന്നാണ് മിന്നിന് ഭരണകൂടം നൽകിയിരിക്കുന്ന അറിയിപ്പ്. ദക്ഷിണ കൊറിയയിൽ ഏറ്റവും ആരാധകരുള്ള ഫുട്ബോൾ താരമാണ് സ്യോംങ് ഹ്യൂംങ് മിൻ.

21 മാസം നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ട രാജ്യമാണ് ദക്ഷിണ കൊറിയ. പക്ഷേ ഫുട്ബോൾ കളിയുടെ പേര് പറഞ്ഞ് ഇതുവരെ സ്യോംങ് ഹ്യൂങ് ഇളവ് നേടി. ഇനി ഈ കളി നടക്കില്ലെന്നാണ് ഹ്യൂങ്ങിനെ അറിയിച്ചിരിക്കുന്നത്. ഇളവ് വേണമെങ്കിൽ ലോകകപ്പിൽ നന്നായി കളിക്കണം.അല്ലെങ്കിൽ ഓഗസ്റ്റിൽ ഏഷ്യൻ ഗെയിംസ് വരെ നോക്കും. എന്നിട്ടും രാജ്യത്തിനായി മികച്ച പ്രടനം നടത്താനായില്ലെങ്കിൽ നിര്‍ബന്ധിത സൈനിക സേവനത്തിനായി എത്തിയേ പറ്റൂ.

ചെറിയ പ്രായത്തിൽ തന്നെ ബുണ്ടസ് ലീഗയിൽ താരമായ ഹ്യൂംങ് ദക്ഷിണകൊറിയയിലെ ഏറ്റവും അറിയപ്പെടുന്ന കായിക താരമാണ്. നിലവിൽ ടോട്ടനത്തിന്‍റെ മുന്നേറ്റനിരക്കാരനാണ് സ്യോംങ് ഹ്യൂങ്. പക്ഷേ സൈനിക സേവനത്തിനായി എത്തിയാൽ നൂറ് പൗണ്ട് കൊണ്ട് ഒരു മാസം ജീവിക്കണം.ഒപ്പം നൂഡിൽസ് പോലുള്ള ഭക്ഷണസാധനങ്ങൾ മാത്രം കഴിക്കാൻ കിട്ടും. ഇപ്പോൾ താരമായി ജീവിക്കുന്ന ഹ്യൂംങ് ഏറെ കഷ്ടപ്പെടേണ്ടി വരുന്ന് അര്‍ത്ഥം. അതുകൊണ്ട് തന്നെ ഈ ലോകകപ്പ് സ്യോംങ് ഹ്യൂങ് മിന്നിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.