വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. ദീര്‍ഘവീഷണമില്ലാതെയാണ് ഇവിടെ റോഡുകള്‍ പണിയുന്നത്. പേരിന് റോ‍ഡുകള്‍ നന്നാക്കിയാല്‍ പോരെന്നും ഹൈക്കോടതി. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്ന് ചോദിച്ച കോടതി മികച്ച റോഡുകള്‍ നിലനിര്‍ത്താനുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ടു. 

കൊച്ചി:സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമെന്ന് ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്ത് പൊതുതാത്പര്യ ഹർജിയായി കോടതി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. 

വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. ദീര്‍ഘവീക്ഷണമില്ലാതെയാണ് ഇവിടെ റോഡുകള്‍ പണിയുന്നത്. പേരിന് റോ‍ഡുകള്‍ നന്നാക്കിയാല്‍ പോരെന്നും ഹൈക്കോടതി പറഞ്ഞു. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്ന് ചോദിച്ച കോടതി മികച്ച റോഡുകള്‍ നിലനിര്‍ത്താനുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ടു. കൊച്ചി- കാക്കനാട് സിവിൽ ലെയിന്‍ റോഡിന്‍റെ ദുരവസ്ഥയെക്കുറിച്ച് ജസ്റ്റിസുമാര്‍ ഇന്നലെയാണ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. 

കേരളത്തിലെ ഭൂപ്രകൃതിയാണ് മോശം റോഡുകള്‍ക്ക് കാരണമെന്ന സര്‍ക്കാര്‍ വിശദീകരിച്ചപ്പോള്‍ പല ആളുകളും നിശബ്ദമായി സഹിക്കുകയാണെന്നാണ് കോടതി പറഞ്ഞത്. ടാറിംഗ് വൈകുന്നതിന് മഴയാണ് കാരണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ട് പോയാല്‍ പോരെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഒരാഴ്ചക്കുള്ളില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.