ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇന്നലെ അടച്ചുപൂട്ടിയ മലപ്പുറം കൊണ്ടോട്ടിയിലെ മാങ്ങാട്ടുമുറി സ്കൂള്‍, തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം പൂട്ടിയ കിരാലൂര്‍ സ്കൂള്‍, കോഴിക്കോട്ടെ പാലാട്ട് സ്കൂള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനമാണെങ്കിലും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയെന്ന നയം അനുസരിച്ച് ഈ സ്കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് നടപ്പാക്കതിനെതിരെ സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് രാവിലെ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സ്കൂള്‍ അടച്ചുപൂട്ടണമെന്ന കോടതി ഉത്തരവ് ആദ്യം നടപ്പാക്കണമെന്നും സ്കൂള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാറിന്റെ മാത്രം കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. കോടതിക്ക് ഇത് വിഷയമല്ല. സ്കൂള്‍ പൂട്ടണണെന്ന് ജനുവരിയില്‍ തന്നെ ഹൈക്കോടതി ഉത്തരവിട്ടതാണ്. ഇത് നടപ്പാക്കത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. സ്കൂള്‍ ഉടന്‍ പൂട്ടി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.