Asianet News MalayalamAsianet News Malayalam

ശിക്ഷ റദ്ദാക്കണമെന്ന കുഞ്ഞനന്തന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന തന്‍റെ തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കുഞ്ഞനന്തന്‍ ഹര്‍ജിയില്‍  ആവശ്യപ്പെടുന്നത്

High court asks govt for clarification on kunjananthan s plea
Author
Kochi, First Published Jan 28, 2019, 11:36 AM IST

കൊച്ചി: ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം നൽകണം എന്നും അവശ്യപ്പെട്ടു ടിപി ചന്ദ്രശേഖരൻ വധക്കേസ് പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ നൽകേണ്ടത്. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന തന്‍റെ തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജയിലിൽ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കുഞ്ഞനന്തൻ ഹർജിയിൽ പറയുന്നു. 

എന്നാൽ കുഞ്ഞനന്തന് സ്ഥിരമായി പരോൾ നൽകുന്നതിനെതിരെ ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമയും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കൊലക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സർക്കാരിന്‍റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 196 ദിവസമാണ് പരോൾ നൽകിയത്. സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

കണ്ണൂർ പാനൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽവാസക്കാലത്ത് നടന്ന കണ്ട് സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയിൽ നിലനിർത്തി. ജയിൽവാസക്കാലത്ത് കുഞ്ഞനന്തൻ പരോളിലിറങ്ങിയാണ് ഏരിയാ സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിനെതിരെയാണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവെ കുഞ്ഞനന്തന് സ്ഥിരം പരോൾ കൊടുക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തി. അസുഖമുള്ളയാളെ ആശുപത്രിയിലേക്കയക്കുകയാണ് വേണ്ടത്, പരോൾ കൊടുക്കുകയല്ല എന്നായിരുന്നു കോടതി പരാമർശം.

Follow Us:
Download App:
  • android
  • ios