കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. നടിയെ അപമാനിച്ചെന്ന പരാതിയില്‍ പനങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. തനിക്ക് പരാതിയില്ലെന്ന് നടി സത്യവാങ് മൂലം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി.

 ഹണീബി രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ യുവനടി പരാതിയുമായി രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിച്ചതിന്‍റെ പ്രതിഫലം പ്രതിഫലം ചോദിച്ച തന്നോട് അശ്ലീല ഭാഷയില്‍ സംസാരിച്ചു, തന്‍റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി, പ്രതിഫലം നല്‍കിയില്ല എന്നതായിരുന്നു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി സാങ്കേതിക പ്രവര്‍ത്തകരായ അനില്‍, അനിരുദ്ധ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് കേസെടുത്തു. പ്രതികള്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ജാമ്യാപേോക്ഷ പരിഗണിയ്ക്കുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പായെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും യുവനടി കോടതിയില്‍ സത്യവാങ് മൂലം നല്‍കിയത്. ഇതേത്തുടര്‍ന്ന് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ ജീന്‍ പോള്‍ അടക്കമുള്ള പ്രതികള്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചത്. കേസ് ഒത്തുതീര്‍പ്പായെന്ന നടിയുടെ സത്യവാങ് മൂലം പരിഗണിച്ച് ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.