കൊച്ചി: മൂന്നാറിലെ കയ്യേറ്റമൊഴിപ്പക്കലുമായി ബന്ധപ്പെട്ട ഉത്തരവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എല്ലാ ശരിയാക്കാൻ ഇനി ആരുവരുമെന്നും രാഷ്ട്രീയ ഇച്ഛാശക്തിയും ആർജവവുമാണ് സർക്കാർ കാണിക്കേണ്ടതെന്നും ലൗ ഡേൽ കേസിന്‍റെ ഉത്തരവിലുണ്ട്. ലൗഡേൽ റിസോർട്ടിന്‍റെ കൈവശമുളള ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു
മൂന്നാറിലെ ലൗഡേലിന്‍റെ കൈവശമുളള 22 സെന്‍റ് ഭൂമി ഒഴിപ്പിച്ചെടുക്കാനുളള സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ നടപടികൾക്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ ഹൈക്കോടതിയാണ് അതേ ഉത്തരവിൽത്തന്നെ ഇടത് സർക്കാർ നിലപാടുകളെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളുണ്ട്.
അത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എല്ലാ ശരിയാക്കുമെന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിലെത്തിയത്. പക്ഷേ എല്ലാ ശരിയാക്കാൻ ഇനി ആരുവരുമെന്നാണ് കരുതേണ്ടത്. കയ്യേറ്റമൊഴിപ്പിക്കലിലടക്കം നടപടിയെടുക്കാൻ രാഷ്ടീയ ഇച്ഛാശക്തിയും ആർജവവുമാണ് സർക്കാർ കാണിക്കേണ്ടത്.
എല്ലാം ജനത്തിന്‍റെ അമിത പ്രതീക്ഷ മാത്രമായി ഒടുങ്ങരുത്. ഒന്നും നടക്കില്ലെന്ന് തോന്നുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും ഉത്തരവിന്‍റെ അവസാനഭാഗത്തുണ്ട്. 22 സെന്‍റ് ഭൂമിയും അതിലെ കെട്ടിടവും ഒഴിപ്പിക്കാനുളള സബ് കലക്ടറുടെ നോട്ടീസ് ചോദ്യം ചെയ്ത് റിസോർട് ഉടമ വിവി ജോർജ് സമർപ്പിച്ച ഹർജി തളളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
