സംസ്ഥാനത്ത് വിജിലന്‍സ് രാജാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പരമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വന്‍കിട നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച കേസുകള്‍ സ്വീകരിക്കില്ലെന്ന് തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിക്കുകയും വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വിജിലന്‍സിനോടുള്ള അതൃപ്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കിയത്. വഴിവിട്ട് വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന താക്കീതും നല്‍കി.

എന്തൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് വിജിലന്‍സിന് നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. അഴിമതി കാര്യങ്ങള്‍ മാത്രം വിജിലന്‍സ് അന്വേഷിച്ചാല്‍ മതി. കൂടുതല്‍ കാര്യങ്ങളില്‍ ഇടപെടേണ്ട. ബന്ധു നിയമന കേസില്‍ അഞ്ച് കാര്യങ്ങള്‍ പരിശോധിക്കണം. മന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയോ അല്ലെങ്കില്‍ ഏതെങ്കിലും വഴിവിട്ട ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നും മന്ത്രിയെന്ന നിലയിലാണോ വ്യക്തിയെന്ന നിലയിലാണോ ഈ കാര്യങ്ങളില്‍ ഇടപെട്ടതെന്നും പരിശോധിക്കണം. ഇത്തരം കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കേണ്ടതെന്നും മറ്റ് കാര്യങ്ങളില്‍ വിജിലന്‍സ് ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.