കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എത്ര ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട്‌ നൽകാൻ ആകുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിക്കണം എന്ന് ഹൈകോടതി. അതേസമയം കേസ് തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. 

തനിക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബാബുവിന്‍റെ ബിനാമി എന്ന്‌ വിജിലൻസ് ആരോപിക്കുന്ന ബാബുറാം സമർപ്പിച്ച ഹർജിയിലാണ് ഹൈകോടതി നിർദേശം. കേസില്‍ രണ്ട് മാസത്തിനകം അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാം എന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു. 

അതേസമയം ബാബുറാം ഇതിനെ എതിർത്തു. തുടർന്നാണ് ഡയറക്ടർ നിലപാട് അറിയിക്കണം എന്ന് കോടതി നിർദേശിച്ചത്. ഡയറക്ടറുടെ നിലപാട് തിങ്കളാഴ്ച അറിയിക്കാമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

കെ ബാബുവിന്‍റെയും മക്കളുടേയും ബാങ്ക് വിജിലന്‍സ് പരിശോധിച്ചിരുന്നു. ഇതില്‍ പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് 200 പവന്‍ സ്വര്‍ണഭാരണങ്ങള്‍ കണ്ടെടുത്തു. വിജിലന്‍സ് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം മുഴുവന് നല്‍കിയത് മക്കളുടെ ഭര്‍തൃവീട്ടുകാര്‍ ആണെന്നായിരുന്നു ബാബുവിന്റെ മൊഴി. 

മൂത്ത മകള്‍ ആതിരക്ക് 32 പവനും ഇളയമകള്‍ ഐശ്വര്യക്ക് 100 പവനും കല്യാണ സമയത്ത് സ്ത്രീധനമായി നല്‍കിയെന്നും ബാബു മൊഴി നല്‍കി. എന്നാല്‍ ഭര്‍തൃവീട്ടുകാരെ നിരവധി തവണ വിജിലന്‍സ് ചോദ്യം ചെയ്തു. സ്വര്‍ണം നല്‍കിയെന്ന് സമ്മതിച്ച ബന്ധുക്കള്‍ക്ക് പക്ഷെ ഇവ വാങ്ങിയതിന്റെ തെളിവ് ഹാജാരക്കാനായില്ല. ഇതേ തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. 

ഇതിനിടെ കെ ബാബുവിന്റെ മകളുടെ ഭര്‍തൃവീട്ടുകാര്‍ തേനിയില്‍ ഭൂമി വാങ്ങയതിന്റെ രേഖകള്‍, തമിഴ്‌നാട് രജിസ്‌ട്രേഷ്ന്‍ വകുപ്പ് വിജിലന്‍സിന് കൈമാറി. ബിനാമി പേരില്‍ കെ ബാബു വാങ്ങിയ ഭൂമിയാണിതെന്നാണ് ആരോപണം. ഭൂമിയാണ് വാങ്ങിയിരിക്കുന്നത്. ഇളയ മകള്‍ ഐശ്വര്യയുടെ ഭര്‍തൃപിതാവ് എംഎന്‍ ബാബു, ഇദ്ദേഹത്തിന്റെ സുഹൃത്ത് പിഎ ബേബി, ഭാര്യ ശാന്തി എന്നിവരുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. 

ഭൂമി വാങ്ങുന്നതിനായി പിഎ ബേബി ബാങ്ക് വായ്പ എടുത്തതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. അതേ സമയം ഭൂമി ഇടപാടില്‍ കെ ബാബുവിനെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതേ വരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി തൃപ്പൂണിത്തുറയിലെ കെ ബാബുവിന്‍റെ വീടിന്‍റെ അളവ് വിദഗ്ദ സംഘത്തെ കൊണ്ട് വിജിലന്‍സ് പരിശോധിച്ചിട്ടുണ്ട്. വീടീന് എത്ര പണം ചെലവിട്ടു എന്ന് കണ്ടെത്താനാണിത്.