പി കെ കുഞ്ഞനന്തൻ നൽകിയ ഹ‍ർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹ‍‍ർജി. 

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കമെന്നാവശ്യപ്പെട്ട് പ്രതി പി കെ കുഞ്ഞനന്തൻ നൽകിയ ഹർ‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. വെള്ളിയാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിയത്. കുഞ്ഞനന്തന്‍റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന കൃത്യമായ റിപ്പോർട്ട് ഇന്ന് നൽകണമെന്ന് സർക്കാറിനോട് കോടതി നിർദ്ദേശിച്ചിരുന്നു. 

നേരത്തെ, കേസ് പരിഗണിച്ചപ്പോൾ നടക്കാൻ കഴിയാത്ത അത്രയും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കുഞ്ഞനന്തൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് ജയിലിൽ സുഖമായി കിടന്നു കൂടെയെന്നായിരുന്നു കോടതിയുടെ മറുപടി. സർക്കാരും കുഞ്ഞനന്തനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്.

ഏഴ് വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി, രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. 

Also Read:നടക്കാന്‍ വയ്യെന്ന് കുഞ്ഞനന്തന്‍; ജയിലിൽ സുഖമായി കിടന്നുകൂടെയെന്ന് ഹൈക്കോടതി

കുഞ്ഞനന്തന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.