Asianet News MalayalamAsianet News Malayalam

സാലറി ചലഞ്ച്: ശമ്പള സംഭാവന പിരിക്കാന്‍ സര്‍ക്കാറിന് സ്വതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി

സാലറി ചലഞ്ച് പ്രകാരം ശമ്പളം പിരിക്കാന്‍ സര്‍ക്കാറിനും സംഭാവന ചെയ്യുന്നവര്‍ക്ക് അതിനുമുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്ന് ഹൈക്കോടതി.

high court refused to admit plea against Salary challenge
Author
Kerala, First Published Nov 21, 2018, 1:03 PM IST

കൊച്ചി: സാലറി ചലഞ്ച് പ്രകാരം ശമ്പളം പിരിക്കാന്‍ സര്‍ക്കാറിനും, സംഭാവന ചെയ്യുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്ന് ഹൈക്കോടതി. അതേസമയം നിര്‍ബന്ധപൂര്‍വ്വം പിരിക്കാനോ വിസമ്മത പത്രം വാങ്ങാനോ ഉള്ള അധികാരം ഇല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം സര്‍ക്കാര്‍ നിർബന്ധപൂർവം ഈടാക്കുന്നുവെന്നു തെളിയിക്കുന്ന ഒന്നും ഹര്‍ജിയില്‍ ഇല്ലെന്ന് പറഞ്ഞ കോടതി ഇത് സംബന്ധിച്ച് ഒരു വരിയെങ്കിലും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സർക്കാർ കോടതി ഉത്തരവ് ലംഘിച്ചതായി തോന്നുന്നില്ല. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ചാലഞ്ചെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇവിടെ വിവേചനത്തിന്റെ ചോദ്യം ഉയരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത്തരമൊരു ഹർജിയുമായി വന്നതിനു കോടതി ചെലവ് നൽകേണ്ടി വരുമെന്നും കോടതി അറിയിച്ചതോടെ പരാതിക്കാര്‍ ഹർജി പിൻവലിച്ചു. 

എൻജിഒ സംഘ് ആണ് ഹൈക്കോടതിയിൽ സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. ചീഫ് സെക്രട്ടറിയ്ക്കും ഫിനാൻസ് സെക്രട്ടറിക്കുമെതിരെയായിരുന്നു ഹര്‍ജി ഫയൽ ചെയ്തത്.  സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് പുതിയ സർക്കുലർ കോടതി ഉത്തരവിന് എതിരാണ്. കോടതി നിർദ്ദേശമുണ്ടായിട്ടും ഒരു മാസത്തെ ശമ്പളം വേണമെന്നാണ് പുതിയ സർക്കുലറിലും ആവശ്യപ്പെടുന്നതെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

Follow Us:
Download App:
  • android
  • ios