കൊച്ചി: അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളപട്ടണം എസ് ഐക്കെതിരെ കെ എം ഷാജി സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതാ വിരുദ്ധമായ മൊഴിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ് ഐ ശ്രീജിത്ത് കൊടേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ആവശ്യം. അയോഗ്യതക്കിടയാക്കിയ ലഘുലേഖകൾ സിപിഎം ലോക്കൽ കമ്മിറ്റിയംഗം കെ ടി അബ്ദുൽ നാസർ പൊലീസിന് നൽകിയതാണെന്നാണ് ആരോപണം.
 
കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്നലെ രാവിലെ ഹൈക്കോടതി മറ്റൊരു കേസില്‍ വീണ്ടും വിധി പുറപ്പെടുവിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തിരുന്നു. ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ച് അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവർത്തകനായ ബാലൻ ഹൈക്കോടതിയിൽ നല്‍കിയ ഹർജിയിലാണ് വിധി വന്നത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ഈ വിധിയും ഹൈക്കോടതി സ്റ്റേ ചെയ്തത്.