കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത വിദേശ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആംബര്‍ എന്ന കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബോട്ടിന്റെ ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് ഉടനെ തന്നെ അവ പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്ക് പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെ കൊച്ചി പുറം കടലിലായിരുന്നു അപകടമുണ്ടായത്. തോപ്പുംപടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ കാർമൽ മാത എന്ന ബോട്ടാണ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളില്‍ 11 പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെ ഫോര്‍ട്ട്‌കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ തൊഴിലാളികളില്‍ കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടമുണ്ടാക്കിയ കപ്പിലിന്റെ ക്യാപ്റ്റനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കപ്പലില്‍ അന്വേഷണ സംഘം ഇന്ന് പരിശോധനയും നടത്തിവരികയാണ്.
