Asianet News MalayalamAsianet News Malayalam

പിറവം പള്ളിക്കേസ്; സര്‍ക്കാര്‍ എന്തുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വൈകുന്നുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

വൻതോതിൽ പോലീസിനെ വിന്യസിച്ച് മറ്റുചില കേസുകളിൽ ഉത്തരവ് നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. നിരോധനാജ്ഞവരെ പ്രഖ്യാപിച്ചു. 200-400 പേർ മാത്രം ഉൾപ്പെട്ട കാര്യത്തിൽ കോടതി ഉത്തരവ് പാലിക്കുന്നതിൽനിന്ന് എന്തുകൊണ്ട് ഒഴിഞ്ഞുമാറുന്നുവെന്നും ശബരിമലയിലെ സംഭവവികാസങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് കോടതി ചോദിച്ചു. 

high courts criticise why the government is not ready to take an action in Piravom church case
Author
Kochi, First Published Nov 29, 2018, 9:53 AM IST

കൊച്ചി: ശബരിമലയില്‍ വന്‍പൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പിറവം പള്ളിക്കേസില്‍ എന്തുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തതെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സർക്കാര്‍ ശബരിമലയിലെ നടത്തുന്ന ഇടപെടൽ പരോക്ഷമായി സൂചിപ്പിച്ചാണ് കോടതിയുടെ വിമർശനം. എന്നാല്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. ഇത് സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി. 

പിറവം സെയ്ന്‍റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളി വികാരിയുൾപ്പെടെ നൽകിയ ഹർജികൾ ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. 

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെയ്ന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ-ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിധി നടപ്പാക്കാന്‍ വൈകിയത്.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരാണെങ്കിലും ചില പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. പോലീസിന്‍റെ ഇടപെടല്‍ രക്തച്ചൊരിച്ചിൽ ഉണ്ടാകും  ജീവഹാനിക്കും ആത്മാഹുതിക്കും സാധ്യതയുണ്ടെന്നും ക്രമസമാധാനനില തകരുമെന്നുമാണ് സര്‍ക്കാറിന്‍റെ റിപ്പോര്‍ട്ട്. ഇതൊഴിവാക്കാനാണ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. പിറവം പള്ളിക്കേസിൽ ഹൈക്കോടതി നിർദേശിച്ചാൽ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കാമെന്നാണ് സർക്കാർ നിലപാടെന്നും അല്ലെങ്കിൽ സമാധാനപരമായ ഒത്തുതീർപ്പിന് കൂടുതൽസമയം വേണമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

ഹൈക്കോടതി രൂക്ഷമായാണ് സര്‍ക്കാര്‍ വാദങ്ങളോട് പ്രതികരിച്ചത്.  സുപ്രീംകോടതി വിധിയുണ്ടായിട്ടും പോലീസും സർക്കാരും ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് പറയുന്നത് എന്ത് നിയമാധികാരത്തിലാണെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ നിലപാട് വ്യക്തമാണെങ്കിൽ പിന്നെ ഒത്തുതീർപ്പ് എങ്ങനെ സാധ്യമാകും. എതിർചേരികളുടെ അനുമതിയോടെ ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടാൻ എങ്ങനെ സാധിക്കുമെന്നും കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. 

വൻതോതിൽ പോലീസിനെ വിന്യസിച്ച് മറ്റുചില കേസുകളിൽ ഉത്തരവ് നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. നിരോധനാജ്ഞവരെ പ്രഖ്യാപിച്ചു. 200-400 പേർ മാത്രം ഉൾപ്പെട്ട കാര്യത്തിൽ കോടതി ഉത്തരവ് പാലിക്കുന്നതിൽനിന്ന് എന്തുകൊണ്ട് ഒഴിഞ്ഞുമാറുന്നുവെന്നും ശബരിമലയിലെ സംഭവവികാസങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് കോടതി ചോദിച്ചു. കോടതി ഉത്തരവുകൾ നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് അറിഞ്ഞിട്ടും അത് നടപ്പാക്കാനാകുന്നില്ലെന്ന നിസ്സഹായാവസ്ഥ പോലീസിന് എങ്ങനെ സ്വീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. 

Follow Us:
Download App:
  • android
  • ios