തെരുവുനായ ശല്ല്യം പരിഹരിക്കാന്‍ പ്രായോഗികമായി എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് വ്യക്തമാക്കാന്‍ മൃഗസംരക്ഷണ ബോര്‍ഡിനോടും പരിസ്ഥിതി മന്ത്രാലയത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പരിസ്ഥിതി മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണ ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ആര്‍.എം.ഖര്‍ബും ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു. മാര്‍ഗ്ഗരേഖ തയ്യാറാക്കുമ്പോള്‍ തന്നെ അത് നടപ്പാക്കാന്‍ എങ്ങനെ പണം കണ്ടെത്തും എന്നതാണ് പ്രധാനപ്രശ്‌നമെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിന്റെ അഭിപ്രായം തേടാന്‍ യോഗം തീരുമാനിച്ചു.
എ.ബി.സി ചട്ടം അനുസരിച്ചുള്ള നടപടികള്‍ കര്‍ശനമാക്കിയാല്‍ തന്നെ കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി. ശാസ്ത്രീയമായി പരിഹരിക്കാവുന്ന പ്രശ്‌നം കേരളത്തില്‍ അനാവശ്യ വിവാദമാക്കി മാറ്റുകയാണെന്ന് മൃഗസംരക്ഷണ ബോര്‍ഡ് അംഗം അഞ്ജലി ശര്‍മ്മ ആരോപിച്ചു.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുക, പ്രത്യേക അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് വൈദ്യസഹായം, നഷ്ടപരിഹാരം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗരേഖയില്‍ ഉണ്ടാകും. വിവിധ മന്ത്രാലയങ്ങള്‍ യോജിച്ച് മാത്രമേ ഇതൊക്കെ നടപ്പാക്കാനാകുവെന്നും ദില്ലിയിലെ യോഗം വിലയിരുത്തി.
