ഇടുക്കി: പ്രതിസന്ധികളോട് പടവെട്ടി വിതച്ച പാടത്ത് ഇത്തവണ നൂറുമേനി വിളവ്. ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തില്‍ വിളവെടുപ്പ് ഉത്സവം നടത്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളിക്ഷാമവും അടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കുവാന്‍ ഇത്തവണയെങ്കിലും സര്‍ക്കാര്‍ സഹായങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുട്ടുകാടിലെ കര്‍ഷകര്‍. 

കാലാവസ്ഥാ വ്യതിയാനം മൂലം ജലലഭ്യത ഇല്ലാതായതും, തൊഴിലാളിക്ഷാമവും അമിതമായ ഉല്‍പ്പാദന ചിലവുംകൊണ്ട് ഇടുക്കി ജില്ലയിലെ ഭൂരിഭാഗംവരുന്ന പാടശേഖരങ്ങലില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലും കുടിയേറ്റകാലം മുതല്‍ നെല്‍കൃഷിയെ നെഞ്ചോട് ചേര്‍ത്ത മുട്ടുകാട്ടിലെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുവാന്‍ തയ്യാറായില്ല. രണ്ട് കൃഷി എന്നുള്ളത് ജലലഭ്യത ഇല്ലാതായതോടെ ഒന്നായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷത്തെ കടുത്ത വരള്‍ച്ചയില്‍ ഇതും പ്രതിസന്ധിയിലായിരുന്നു. ഇവയെയെല്ലാം മറികടന്നാണ് ഇത്തവണ കര്‍ഷകര്‍ കൃഷി വിജയത്തിലെത്തിച്ചത്. നൂറ്റി അമ്പതേക്കേറാളം വരുന്ന പാടശേഖരത്ത് നിലവില്‍ നൂറ്റി നാല് കര്‍ഷകരാണ് കൃഷി ഇറക്കിയിട്ടുള്ളത്. 

ബാക്കി കര്‍ഷകരെയും കൃഷിയിലേയ്ക്ക് എത്തിയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പാടശേഖര സമിതി നടത്തുന്നുണ്ട്. എന്നാല്‍ കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണമെന്നതാണ് പാടശേഖര സമതിയുടെ ആവശ്യം. വെള്ളമെത്തിയ്ക്കുന്നതിനും മഴക്കാലത്ത് പാടത്ത് വെള്ളം കയറാതെ നടുവിലൂടെ ഓഴുകുന്ന തോട് സംരക്ഷണ ഭിത്തികെട്ടി സംരക്ഷിക്കുന്നതിനും തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ യന്ത്രവല്‍കൃത കൃഷിരീതിയിലേയ്ക്ക് പൂര്‍ണ്ണമായി വഴിമാറുന്നതിനും സര്‍ക്കാര്‍ സഹായമുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ തികച്ചും ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുട്ടുകാട്ടിലെ നെല്ല് സംഭരിച്ച് അരിയാക്കി മുട്ടുകാട് ബ്രാന്റ് എന്ന രീതിയില്‍ വിപണിയില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബൈസണ്‍വാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ജിന്‍സ് പറഞ്ഞു.

പഴയകാലത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്ന് നല്‍കി കൊയ്ത്തുപാട്ടിന്റെ ഈണത്തോടെയാണ് ഇത്തവണത്തെ വിളവെടുപ്പ് ഉത്സവത്തിന് തുടക്കമായത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേന്‍ ആര്യ കറ്റകൊയ്ത് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ ഇത്തവണ യന്ത്രസഹായത്തോടെയാണ് കൊയ്ത്ത് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം അലോഷി തിരുതാളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ജിന്‍സ്, വാര്‍ഡ് മെമ്പര്‍ ലാലി ജോര്‍ജ്ജ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ വിളവെടുപ്പ് ഉത്സവത്തില്‍ പങ്കെടുത്തു.