സംസ്ഥാനത്ത് 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് സ്റ്റേ. കേസില്‍ വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.

10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കെഎസ്ആര്‍ടിസിയും, ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും, നിപ്പോണ്‍ ടോയോട്ടയും അടമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.നിരോധനം നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ പൊതു ഗതാഗതസംവിധാനത്തെയും, ചരക്കു നീക്കത്തെയും ബാധിക്കുമെന്നായിരുന്നു വാദം. നിരത്തില്‍ നിന്ന് ആയിരക്കണക്കിന് വാഹനങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി. ഇത് അംഗികരിച്ചുകൊണ്ടാണ് ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് സ്റ്റേ. ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ലീഫ് എന്ന പരിസ്ഥിതി സംഘടന വാദിച്ചിരുന്നു. ഇതും തള്ളിയാണ് ജസ്റ്റിസ് സി ബി സുരേഷ്കുമാറിന്‍റെ ഉത്തരവ്. നേരത്തെ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇതേ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഫലത്തില്‍ ഡീസല്‍ വാഹനങ്ങല്‍ക്കെതിരെ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിക്ക് പൂര്‍ണ സ്റ്റേ ആയിരിക്കുകയാണ്. കക്ഷികളുടെ ഹര്‍ജികളെല്ലാം ഫയലില്‍ സ്വീകരിച്ച ഇതിന്‍മേല്‍ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി സി കെ ശശീന്ദ്രന്‍ പറഞ്ഞു. കേസില്‍ കക്ഷി ചേരുന്ന കാര്യം നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കോടതി തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍, വാഹന ഉടമകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി 21 മുതല്‍ പ്രഖ്യാപിച്ച് അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചിട്ടുണ്ട്.