ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ കാണിക്കവഞ്ചി സ്ഥാപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് ഹൈക്കോടതി പറഞ്ഞു. 

സംഭാവന നല്‍കുന്നതിനുള്ള പെട്ടി സ്ഥാപിച്ചത് ആരാണെന്നും അതില്‍ നിന്നും ലഭിക്കുന്ന പണം ആര്‍ക്കാണ് കിട്ടുന്നതെന്നും രാജ്ഘട്ടിന്റെ സംരക്ഷണ ചുമതല വഹിക്കുന്ന ഗാന്ധി സമാധിസമിതിയോട് കോടതി ചോദിച്ചു. രാജ്ഘട്ട് വേണ്ടവിധം സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിക്കുമ്പോള്‍ ആണ് ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 

സ്വദേശികളും വിദേശികളുമായ സന്ദര്‍ശകര്‍ക്ക് മുന്‍പില്‍ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടതെന്ന ചോദിച്ച കോടതി കാണിക്കവഞ്ചി അവിടെ നിന്നും എടുത്തു മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹരിജന്‍ സേവക് സംഘിനാണ് കാണിക്കവഞ്ചിയില്‍ നിന്നുള്ള പണം കിട്ടുന്നതെന്ന് ഗാന്ധി സമാധിസമിതി കോടതിയെ അറിയിച്ചു.