കൊച്ചി: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മിന്നൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഴുദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. 

സമരങ്ങൾ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 

ജനജീവിതത്തെയും വ്യാപാര മേഖലയേയും തകർത്തുകൊണ്ട് അടിയ്ക്കടിയുണ്ടാകുന്ന ഹർത്താലുകൾക്കെതിരെ നടപടിയാവശ്യപ്പെട്ട്  കേരള ചേംബർ ഓഫ് കൊമേഴ്സ്,  മലയാള വേദി എന്നിവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർത്താലുകൾക്കെതിരെ എന്ത് നടപടിയാണെടുത്തതെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആരാഞ്ഞു. നഗരങ്ങളേക്കാർ ഗ്രാമങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഹർത്താലുകളെ തടയുന്നതിന് ഹൈക്കോടതിയും സുപ്രീകോടതിയും വിവിധ ഉത്തരവുകളിലൂടെ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് ഡിവിഷൻ ബെഞ്ച് സൂചിപ്പിച്ചു.  കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത്  97 ഹർത്താലുകളുണ്ടായി എന്ന് വിശ്വസിക്കാനാകുന്നില്ല.

ഹർ‍ത്താൽ എന്നാൽ വെറും തമാശയായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെയാണ് ഇത് മോശമായി ബാധിക്കുന്നത്. ഈ ഏർപ്പാടിനെതിരെ സർക്കാർ നടപടിയെടുത്തേ മതിയാകൂ. അടുത്ത രണ്ടു ദിവസത്തെ പൊതുപണിമുടക്കിനെതിരെ സർക്കാർ എന്തു നടപടിയെടുത്തെന്നും കോടതി ആരാഞ്ഞു. ആവശ്യമുളള വ്യാപാരികൾക്കും വ്യക്തികൾക്കും സംരക്ഷണം നൽകാൻ ജില്ലാ കലക്ടർമാരോട്  നി‍ർദേശിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. ഹർത്താലിന് ഏഴ് ദിവസത്തെ നോട്ടീസ് നൽകുന്നത് നിയമമാക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.