കൊട്ടക്കമ്പൂര്‍: കൊട്ടക്കമ്പൂരിലെ കയ്യേറ്റക്കാർക്ക് ഇടത്, വലത് ഒത്താശയെന്ന് ആരോപണം. നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 344ഏക്കർ കയ്യടക്കിയ മൈജോ ജോസഫിന് വഴിയൊരുക്കിയത് യുഡിഎഫ് കൺവീനർ പിപി തങ്കച്ചനും പ്രാദേശിക സിപിഎം നേതാവുമെന്ന് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തി. നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനും കയ്യേറ്റത്തില്‍ പങ്കെന്നാണ് വെളിപ്പെടുത്തല്‍.
വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസിന്റെ കാലത്താണ് മൈജോ സ്ഥലം കൈക്കലാകുന്നത്. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ ഭൂരിഭാഗം പട്ടയങ്ങളും മൈജോയുടെ പക്കലെന്നാണ് ആരോപണം. സിപിഎംനേതാവ് രാമരാജാണ് മൈജോയെ കൊണ്ടു വന്നതെന്നുംജയലളിതയുടെ വളർത്തു മകൻ സുധാകരന് റിസോര്‍ട്ട് ആവശ്യത്തിന് ഭൂമി വാങ്ങിയതെന്നും മോഹൻദാസ് ആരോപിക്കുന്നു.
