തിരുവനന്തപുരം: ഹയര്‍ സെക്കന്‍ണ്ടറി പ്രിന്‍സിപ്പള്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ സംസ്ഥാന സര്‍ക്കാരിനുണ്ടായത് വന്‍സാമ്പത്തികബാധ്യത. പുതിയ പ്രിന്‍സിപ്പല്‍മാര്‍ എത്തിയതോടെ പുറത്തായ അധ്യാപകര്‍ക്ക് നാലുമാസം കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കിയിട്ടില്ല. സംസ്ഥാനത്തെ ഇരുനൂറിലധികം അധ്യാപകര്‍ക്ക് നിലവില്‍ ശമ്പളം നല്‍കുന്നത് ജോലിയില്ലാതെയാണ്. പ്രതിമാസം ഖജനാവിന് നഷ്ടമാകുന്നത് ഒന്നരകോടിയോളം രൂപ.

കഴിഞ്ഞ ജൂലൈ 28 നാണ് 245 അധ്യാപകര്‍ക്ക് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കിയത്. 166 ഹയര്‍സെക്കന്റി അധ്യാപകര്‍ക്കും 79 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കുമാണ് സ്ഥാനക്കയറ്റം. ഇത്രയധികം പേര്‍ക്ക് നിയമനം നല്‍കിയപ്പോള്‍ അതേ വിഷയങ്ങളില്‍ നേരത്തെ ക്ലാസെടുത്തിരുന്ന അധ്യാപകര്‍ക്ക് പുനര്‍ നിയമനം ലഭിച്ചതുമില്ല. ഹയര്‍സെക്കന്റി പ്രിന്‍സിപ്പല്‍മാര്‍ അവരുടെ വിഷയങ്ങളില്‍ ക്ലാസെടുക്കണം എന്നാണ് വ്യവസ്ഥ. ഇതോടെ ഈ സ്‌കൂളുകളില്‍ ഒരധ്യാപകന്‍ വീതം അധികമായി.

പ്രിന്‍സിപ്പല്‍ നിയമനം കിട്ടിയ ആള്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂളുകളില്‍ പകരം അധ്യാപകരെത്തിയില്ല. ഗസ്റ്റ്, ഡയ്‌ലി വേജസ് അധ്യാപകരെവച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതും സര്‍ക്കാറിന് വരുത്തുന്നത് അധിക ചിലവ്. 200 ല്‍ അധികം സ്ഥിരം അധ്യാപകര്‍ പുറത്തിരിക്കുമ്പോഴാണ് ഈ സാഹചര്യം. ഉദ്യോഗസ്ഥ തലത്തിലെ ഈ വീഴ്ച പരിഹരിച്ച് ത്രോണ്‍ ഔട്ടായ അധ്യാപകര്‍ക്ക് വേഗം പുനര്‍നിയമനം നല്‍കണമെന്നാണ് അധ്യാപകരുടേയും സ്‌കൂള്‍ അധികൃതരടേയും ആവശ്യം.