അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് മടങ്ങാനുള്ള വിമാനത്തില്‍ നിന്നും വിമാനറാഞ്ചല്‍ അലാറമടിയുന്നു, സെക്കന്‍റുകള്‍ക്കകം സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിമാനം വളഞ്ഞു.

ദില്ലി: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് മടങ്ങാനുള്ള വിമാനത്തില്‍ നിന്നും വിമാനറാഞ്ചല്‍ അലാറമടിയുന്നു, സെക്കന്‍റുകള്‍ക്കകം സെക്യൂരിറ്റി ഗാര്‍ഡുകള്‍ വിമാനം വളഞ്ഞു. വിമാനത്തിനകത്തും പുറത്തും രണ്ട് മണിക്കൂറോളം നീണ്ട പരിശോധന നടന്നു. ഇതെല്ലാം നടക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു യാത്രക്കാര്‍.

മുന്‍കാല ചരിത്രം ഓര്‍മിപ്പിച്ച് ദില്ലി- കാണ്ഡഹാര്‍ വിമാനം ആരോ റാഞ്ചിയെന്ന വാര്‍ത്ത ദില്ലി എയര്‍പ്പോര്‍ട്ടിനെ ആകെ ഭയത്തില്‍ മുക്കി... മണിക്കൂറുകള്‍ക്ക് ശേഷമാണ് പൈലറ്റിന് പറ്റിയ ഒറു കയ്യബദ്ധമാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാം കാരണമെന്ന് വ്യക്തമാകുന്നത്. പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് ബട്ടണില്‍ വിരലമര്‍ത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഹൈജാക്ക് അലാറം അടിഞ്ഞതോടെ വിമാനത്തെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ വളയുകയും തുടര്‍ന്ന് പരിശോധനകള്‍ തുടരുകയുമായിരുന്നു. ഭീഷണി ഉയര്‍ത്തും വിധം ഒന്നുമില്ലെന്ന് പരിശോധനയില്‍ ഉറപ്പാക്കിയ ശേഷമാണ് വിമാനം വീണ്ടും യാത്ര തുടര്‍ന്നത്. ദില്ലിയില്‍ നിന്ന് കാണ്ഡഹാറിലേക്ക് തിരിക്കുകയായിരുന്ന എഫ്ജി 312 വിമാനത്തിലായിരുന്നു സംഭവം. 3.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനകള്‍ക്ക് ശേഷം ആറ് മണിക്കാണ് പുറപ്പെട്ടത്.