111 യാത്രക്കാരും ഏഴ് ജീവനക്കാരും ഉണ്ടായിരുന്ന ആഫ്രിഖിയാ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 വിമാനം തെക്കു പടിഞ്ഞാറന്‍ ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാനമായ ട്രിപ്പോളിയിലേക്ക്​ വരുന്നതിനിടെയാണ് റാഞ്ചിയത്​. പിന്നീട് വിമാനം മാള്‍ട്ടയില്‍ ഇറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ നേരത്തെ തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഏഴ് ജീവനക്കാരെയും വിമാനത്തിനകത്ത് തടങ്കലില്‍ വെച്ചിരുന്ന അക്രമികള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗ്രനേഡ് ഉപയോഗിച്ച് വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ല. ആവശ്യങ്ങള്‍ അംഗീകരിച്ചത് കൊണ്ടാണോ ഇവര്‍ കീഴടങ്ങിയതെന്ന് സംബന്ധിച്ചും ഔദ്ദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ വിമാനത്തില്‍ നിന്ന് ലിബിയന്‍ ടെലിവിഷനോട് ഫോണില്‍ സംസാരിച്ച അക്രമികള്‍ തങ്ങള്‍ ഗദ്ദാഫി അനുകൂലികളാണെന്ന് അവകാശപ്പെട്ടിരുന്നു.