വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനകീയ വോട്ടില്‍ ഹിലരി ക്ലിന്‍റന്‍ മുന്നില്‍. ജനകീയവോട്ടുകള്‍ കൂടുതല്‍ നേടിയത് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹിലരിയാണെന്നാണ് കണക്കുകള്‍.
ഹിലരിക്ക് 5,99,23,027 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 5,96,92,974 വോട്ടുകളാണു ലഭിച്ചത്. 2,30,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹിലരി മുന്നിലെത്തിയത്.
അമേരിക്കയിലെ രീതിപ്രകാരം ജനകീയ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചാലും ജയിക്കാനാകില്ല. കൂടുതല്‍ ഇലക്ടര്‍മാരെ നേടുന്നവരാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുക. ഇങ്ങനെയാണ് ഡൊണാള്‍ഡ് ട്രംപ് ജയിച്ചത്. ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടിയാല്‍ അവിടുത്തെ മുഴുവന്‍ ഇലക്ടര്‍മാരും ആ സ്ഥാനാര്‍ത്ഥിക്ക് സ്വന്തമാകുന്നതാണ് അമേരിക്കയിലെ തെരെഞ്ഞെടുപ്പിന്‍റെ പ്രത്യേകത. യു എസ് ഇലക്ട്രല്‍ സിസ്റ്റത്തിന്റെ വലിയ ന്യൂനതകളില്‍ ഒന്നാണിത്.
അല്‍ഗോറിനു ശേഷം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ജനകീയ വോട്ടുകളില്‍ ഒന്നാമതെത്തുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ഹിലരി. ജോര്‍ജ് ബുഷിനോടാണ് 2000 ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അല്‍ഗോര്‍ പരാജയപ്പെട്ടത്. ഹിലരിക്ക് മുമ്പ് സമാന രീതിയില്‍ തോറ്റ അഞ്ച് പേരുണ്ട് അമേരിക്കയില്‍. ആന്‍ഡ്ര്യൂ ജാക്‌സണ്‍, സാമുവല്‍ ടില്‍ഡന്‍, ഗ്രോവര്‍ ക്ലെവന്‍ഡ്, എന്നിവരാണ് അല്‍ഗോറിനുമുമ്പ് സമാനരീതിയില്‍ ജനകീയവോട്ടുകളില്‍ മുന്നിലെത്തിയ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍.
