38 സംസ്ഥാനങ്ങളില്‍ പ്രാരംഭ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍, 37 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 10 ലക്ഷത്തോളം വോട്ടുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അംഗങ്ങളാണെന്നത് ഹിലരി ക്യാപിന് പ്രതീക്ഷയേകുന്നുണ്ട്. പ്രാരംഭ വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഹിലരിയും കൂട്ടരും ഉറച്ചു വിശ്വസിക്കുന്നു. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ലോറിഡ, നോര്‍ത്ത് കരോലിന, നൊവാഡ എന്നിവടങ്ങളില്‍ കൂടുതല്‍ ഡെമോക്രാറ്റുകള്‍ നേരത്തെ തന്നെ എത്തി വോട്ട് ചെയ്‌തെന്നാണ് ഹിലരി അവകാശപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ശക്തികേന്ദങ്ങളില്‍ നവംബര്‍ എട്ടിന് മാത്രമായിരിക്കും പാര്‍ട്ടി വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്യപ്പെടുകയെന്നും, അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കണക്കുകളില്‍ സാധുതയില്ലെന്നുമാണ് ട്രംപ് അനുയായികള്‍ പറയുന്നത്. എന്നിരുന്നാലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്, ഹിസ്‌പാനിക്കുകള്‍ നേരത്തെ എത്തി വോട്ട് ചെയ്‌തത് ഹിലരിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഹിസ്‌പാനിക്കുകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ട്രംപിനെതിരായ വികാരമാണ് പ്രാരംഭ വോട്ടെടുപ്പ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഹിസ്‌പാനിക്കുകളുടെ പ്രാരംഭ വോട്ടെടുപ്പില്‍ 120 ശതമാനത്തിലധികം വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായത്. ഫ്ലോറിഡയില്‍ ഇത് നിര്‍ണായകമായേക്കാം. എന്നാല്‍ ഡെമോക്രാറ്റുകളുടെ ഉറച്ച പ്രതീക്ഷയായ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരില്‍ നിസംഗത പ്രകടമാണ്. പ്രാരംഭ വോട്ടെടുപ്പില്‍ വെറും 15 ശതമാനം മാത്രമാണ് നേരത്തെ വോട്ട് ചെയ്യാനെത്തിയത്. ഇവരുടെ വോട്ട് ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഹിലരി ക്യാംപ്. ഇതിനായി ബരാക്ക് ഒബാമ ഫ്ലോറിഡയിലും നോര്‍ത്ത് കരോലിനയില്‍ വീണ്ടും എത്തി പ്രചരണം നടത്തും.