ഇ മെയില്‍ വിവാദത്തില്‍ എഫ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് ഹിലരി ക്ലിന്‍റണ്‍. അന്വേഷണത്തിന്‍റെ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിടാന്‍ എഫ്ബിഐ തയ്യാറാകാത്തത് ദുരൂഹമാണെന്ന് ഹിലരി ആരോപിച്ചു. അതിനിടെ ഹിലരിക്ക് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്ന അഭിപ്രായ സര്‍വേ ഫലം റോയിട്ടേഴ്‌സ് പുറത്തുവിട്ടു.

തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെ ഹിലരിയുടെ ഇ മെയില്‍ വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്താനുള്ള തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഡെമോക്രാറ്റ് ക്യാംപ്. എഫ്ബിഐയെ കടന്നാക്രമിച്ചാണ് ഡെമോക്രാറ്റുകളുടെ പ്രതിരോധം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂര്‍ണമായി വിവങ്ങള്‍ പുറത്തുവിടാതെയുള്ള എഫ്ബിഐ വെളിപ്പെടുത്തല്‍ ദുരൂഹമാണെന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്‍റണ്‍ കുറ്റപ്പെടുത്തി. ഇ മെയില്‍ വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്താനുള്ള തീരുമാനം പുറത്തുവിട്ടതിനെ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി ന്യായീകരിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ഹിലരി രംഗത്തെത്തിയത്. ഹിലരിയുടെ മുന്‍ സഹായിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഹിലരിയുടെ മെയിലുകള്‍ വീണ്ടും വിഷയമായത്. അതിനിടെ ഹിലരിക്ക് വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്ന അഭിപ്രായ സര്‍വേ ഫലം റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ട്രംപിനെക്കാള്‍ പതിനഞ്ച് ശതമാനം അധികം പോയിന്‍റുകളാണ് ഹിലരി നേടിയിരിക്കുന്നത്. ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ നല്‍കാത്ത ഒഹായോവിലും അരിസോണയിലും റിപ്പബ്ളിക്കന്‍ സ്വാധീന മേഖലയായ ജോര്‍ജ്ജിയയിലും ടെക്‌സാസിലും ഹിലരി മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനം. എഫ്ബിഐ അന്വേഷണ തീരുമാനം പുറത്തുവരും മുമ്പാണ് സര്‍വേ നടത്തിയത്. എങ്കിലും ട്രംപിന് അനുകൂലമായി ചില സര്‍വ്വെ ഫലങ്ങള്‍ വന്ന് തുടങ്ങിയതിന് തൊട്ട് പിന്നാലെ ഹിലരിക്ക് മികച്ച മുന്നേറ്റം പ്രവചിക്കുന്ന റോയിറ്റേഴ്‌സ് സര്‍വ്വെ ഫലം ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമാണ്.