കാംഗ്ഡ: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ അഞ്ച് വര്‍ഷത്തെ കാലയളവില്‍ സംസ്ഥാനം ഭരിച്ചത് മാഫിയകളെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമല്‍. രാഹുല്‍ ഗാന്ധി പോകുന്നിടത്തെല്ലാം ബിജെപിയുടെ വിജയം ഉറപ്പാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും 73 കാരനായ ധുമല്‍ പരിഹസിച്ചു.

മയക്ക് മരുന്ന് മാഫിയ, മദ്യ മാഫിയ, ഫോറസ്റ്റ് മാഫിയ,ഗുണ്ടാ മാഫിയ തുടങ്ങിയവയില്‍ നിന്ന് ജനം രക്ഷപ്പെടാന്‍ പോകുന്നു. ഹിമാചലിന്‍റെ ക്രമസമാധാനം ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കും. അഴിമതി നടത്തിയത് കൊണ്ടാണ് സിബിഐ വീരഭദ്ര സിംഗിനെതിരെ കേസെടുത്തത്. സംഭാവന കിട്ടിയ പണംകൊണ്ടല്ലാതെ സ്വന്തം കൈയ്യില്‍ നിന്ന് കാശ് മുടക്കിയാണോ വീരഭദ്ര സിംഗ് പ്രചരണം നടത്തുന്നതെന്നും പ്രേംകുമാര്‍ ധുമല്‍ ചോദിച്ചു.