വാഷിങ്ടണ്‍: അത്യപൂര്‍വ്വമായ ഔഷധ ഗുണങ്ങളുള്ള ഫംഗസായ 'ഹിമാലയന്‍ വയാഗ്ര' വംശനാശ ഭീഷണിയിൽ. കാലാവസ്ഥ വ്യതിയാനം മൂലം ഇവയുടെ സാന്നിദ്ധ്യം കുറഞ്ഞു വരുന്നതായി ​ഗവേഷകർ വ്യക്തമാക്കി. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിൽ കണ്ടുവരുന്ന വയാഗ്ര സ്വര്‍ണത്തേക്കാള്‍ വിലയേറിയ അപൂർവ്വയിനം ഫം​ഗസാണ്.   

ഒഫിയോകോര്‍ഡിസെപ്‌സ് സിനെപ്‌സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഫംഗസ് യാര്‍ഷഗുംഭു എന്ന പേരിലും അറിയപ്പെടുന്നു. ഈ ഫം​ഗസിനെ ചൊല്ലി ചൈനയിലേയും നേപ്പാളിലേയും ആളുകൾ തമ്മിൽ തർക്കം നടക്കുകയും ഒടുക്കം അത് നിരവധി ആളുകളഉട മരണത്തിൽ കലാശിക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായി ഔഷധ​ഗുണങ്ങളുള്ളവയാണ് വയാ​ഗ്ര എന്ന് തെളിയിച്ചിട്ടില്ലെങ്കിലും ലൈംഗിക ശേഷി മുതൽ ക്യാന്‍സര്‍ വരെയുള്ള പല രോ​ഗങ്ങളും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ആളുകൾ വിശ്വസിക്കുന്നു. ചായ, സൂപ്പ് തുടങ്ങിയവയിൽ ചേർത്താണ് ഇവ കഴിക്കുക.  

ഇതുകൂടാതെ വയാ​ഗ്ര കണ്ടെത്തുന്നത് ഉപജീവനമാർ​ഗമാക്കിയ ഒരുകൂട്ടരുണ്ട്. ഒരു കിലോഗ്രാം ഹിമാലയന്‍ വയാഗ്രയ്ക്ക് 70 ലക്ഷത്തോളം രൂപയാണ് വില. അതേസമയം സമീപകാലത്താണ് വയാ​ഗ്രയുടെ എണ്ണത്തിൽ ​ഗണ്യമായ കുറവ് മേഖലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പഠനത്തിൽ കാലവസ്ഥാ വ്യതിയാനമാണ് ഫംഗസിന്റെ ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന കാരണമെന്ന് കണ്ടെത്തി. ഇതിനായി വയാഗ്ര കണ്ടെത്തുന്നവരും കച്ചവടക്കാരും ഇടനിലക്കാരുമായ നൂറുകണക്കിന് ആളുകളുമായി സംസാരിക്കുകയും ഇവ ലഭിക്കുന്ന പ്രദേശങ്ങളിൽ കാലാവസ്ഥ പഠനം നടത്തുകയും ചെയ്തു.  

ലോകത്തിലെ ഏറ്റവും വിലകൂടിയ ജൈവാവശിഷ്ടങ്ങളിൽ ഒന്നാണ് വയാ​ഗ്ര. നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പര്‍വത പ്രദേശങ്ങളിൽ കാണപ്പെടുന്ന വയാ​ഗ്ര ശലഭത്തിന്റെ ലാവയിലാണ് വളരുന്നത്. 0 ഡിഗ്രീ സെല്ഷ്യസില്‍ താഴെ താപനിലയുള്ള പ്രത്യേകതരം കാലാവസ്ഥയില്‍ മാത്രമേ ഈ ഫംഗസ് വളരുകയുള്ളു.