ഹിമാൻഷു റോയ് മരിച്ച നിലയില്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയ്ക്ക് നിറയൊഴിച്ചു ആത്മഹത്യയെന്ന് പൊലീസ്

മുംബൈ: മുംബൈ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗം മുൻ തലവൻ ഹിമാൻഷു റോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടിൽ വച്ച് സ‍ർവീസ് റിവോൾവർ ഉപയോഗിച്ച് തലയിൽ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അർബുദ രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ ഒന്നര വർഷമായി അവധിയിലായിരുന്നു.

രോഗബാധയെത്തുടർന്ന് അദ്ദേഹം കടുത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. തീവ്രവാദ വിരുദ്ധ വിഭാഗം തലവൻ ആയിരുന്നതുകൊണ്ടുതന്നെ മരണം സംബന്ധിച്ച പ്രാധമിക നിഗമനങ്ങൾ മാത്രമാണ് പൊലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹിമാൻഷു റോയ്. മുംബൈ പൊലീസിലെ ഏറ്റവും സമർത്ഥരായ ഓഫീസർമാരിൽ ഒരാളായ അദ്ദേഹത്തിന് ഒട്ടേറെ പ്രമാദമായ കേസുകൾ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, 2013ലെ ഐപിഎൽ വാതുവയ്പ്പ് തുടങ്ങിയ കേസുകളുടെ അന്വേഷണച്ചുമതല അദ്ദേഹത്തിനായിരുന്നു.

വിജയ് പലാൻ‍ഡേ, ലൈലാ ഖാൻ ഇരട്ടക്കൊലക്കേസ്, മാധ്യമപ്രവർത്തകൻ ജേ ഡേയുടെ വധക്കേസ് തുടങ്ങിയ കേസുകൾ തെളിയിച്ചത് ഹിമാൻഷു റോയ് ആണ്. മുംബൈ അധോലോകത്തെ കുടിപ്പകയുടേയും ഗാംഗ് വാറിന്‍റേയും ഭാഗമായ നിരവധി കൊലപാതക്കേസുകൾ അന്വേഷിച്ചതും തുമ്പുണ്ടാക്കിയതും അദ്ദേഹമാണ്. മുംബൈ പൊലീസിന്‍റെ നിരവധി സായുധ ഓപ്പറേഷനുകളിലും ഹിമാൻഷു റോയ് പങ്കെടുത്തിട്ടുണ്ട്. നിലവില്‍ മുംബൈ പൊലീസിലെ അഡീഷണല്‍ ഡിജിപിയാണ് അദ്ദേഹം.