തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ വെറുതെ നിന്ന തന്നെ പിടിച്ചുകൊണ്ടുപോയി കേസില്‍ പ്രതിയാക്കുകയായിരുന്നെന്ന് ഹിമവല്‍ ഭദ്രാനന്ദ. കേസില്‍ ജാമ്യം ലഭിച്ചതോടെ ഇന്ന് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തന്റെ സുഹൃത്തുമായി അവിടെ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായത്. താന്‍ രണ്ട് മാസം ജയിലിലായിരുന്നു. അതിന്റെ വിശേഷങ്ങളാണ് സുഹൃത്തിനോട് പറഞ്ഞിരുന്നത്. സമരക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ, എന്തിനാ ഇവിടെ നില്‍ക്കുന്നതെന്ന് പൊലീസ് തന്നോട് ചോദിച്ചു. സുഹൃത്തിനോട് സംസാരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ നിങ്ങളും കൂടെ വരാന്‍ പറഞ്ഞു പിടിച്ചുകൊണ്ടുപോയി പ്രതിയാക്കി. എന്നെ എന്തിനാ പിടിച്ചതെന്ന് പിന്നീട് ചോദിച്ചപ്പോള്‍ കേസിന് ബലം കിട്ടാനായി തോക്ക് സ്വാമിയെക്കൂടി ഉള്‍പ്പെടുത്തിയതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ബലം കിട്ടാനായി ഉപയോഗിക്കാന്‍ താന്‍ ശങ്കര്‍ സിമന്റോ ഫെവിക്കോളോ മറ്റോ ആണോയെന്ന് താന്‍ ചോദിച്ചു. വലിയ കഷ്ടമാണ് മനുഷ്യന്റെ കാര്യം.
പൂജപ്പുര ജയിലിനകത്ത് കിടക്കുന്ന 30 ശതമാനം പേര്‍ നിരപരാധികളാണ്. വലിയ അപ്ഡേറ്റഡ് ആണെന്ന് അവകാശപ്പെടുന്ന പൊലീസുകാരുടെ കൈയ്യില്‍ ഇപ്പോഴും പി വണ്‍, പി ടു കംപ്യൂട്ടറുകളാണ്. അവരുടെ മെമ്മറിയും അതുപോലെ തന്നെയാണ്. ഒരു മോഷണക്കേസില്‍ ഒരു പ്രതി വന്നാല്‍ പിന്നെ എവിടെ മോഷണം നടന്നാലും ആ പ്രതിയെ പിടിക്കും. എന്റെ തോക്ക് കേസ് എന്തായെന്ന് പോലും പല പൊലീസുകാര്‍ക്കും അറിയില്ല. ഇവരെന്ത് പൊലീസാണ്? ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ എപ്രകാരമാണോ അതുപോലെ ഇരിക്കും കീഴുദ്ദ്യോഗസ്ഥര്‍ എന്ന് ഇന്ന് രാവിലെ ജയില്‍ ഡിജിപി നല്‍കിയ ഒരു സന്ദേശം വായിച്ചു. സമൂഹം അവരുടെ ഭാഗമായിട്ട് ഉദ്ദ്യോഗസ്ഥര്‍ കാണണം. ചില്ലറ ദ്രോഹമല്ല പൊലീസ് ഇങ്ങനെ കാണിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ കേസാണ്. എന്റെ അമ്മയെ രക്ഷിക്കാനാണ് ഞാന്‍ അന്ന് തോക്കെടുത്തത്. ഞാന്‍ ഇവിടുത്തെ ക്രിമിനല്‍ അല്ല. നാവിന് എല്ലില്ലെന്ന് കരുതി രാജ്മോഹന്‍ ഉണ്ണിത്താനൊക്കെ തനിക്കെതിരെ എന്തും പറയുകയാണ്.
ചത്താലും ഞാന്‍ കള്ളം പറയില്ല. ഡി.ജി.പി അപ്പോയിന്റ്മെന്റ് തന്നിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയെ പിടിക്കാനും തീവ്രവാദ കേസില്‍ പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ടെന്നും പറയാനാണ് താന്‍ ഡിജിപിയെ കാണാന്‍ വന്നത്. ഇത് കാണിച്ച് കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചില കാര്യങ്ങളില്‍ മുഖം മറയില്ലാതെ താന്‍ സംസാരിക്കാറുണ്ട്. അങ്ങനെ സംസാരിച്ചതിന് മതസ്പര്‍ധയുണ്ടാക്കിയെന്ന പേരില്‍ അറസ്റ്റ് ചെയ്തു. എനിക്ക് ജാമ്യം നിന്നവരും കോടതിയില്‍ ഹാജരായ അഭിഭാഷകരും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സ്വീകരിച്ചവരും ഇമാം അടക്കമുള്ള മുസ്ലീംകളായിരുന്നു. ഒരിക്കല്‍ ഒരാളൊരു പ്രശ്നത്തില്‍ അകപ്പെട്ടാല്‍ അയാളെ സ്ഥിരം പ്രശ്നക്കാരനാക്കും. ഇത് മാറണം. ഇതിനെതിരെ നിയമനടപടിയെടുക്കും.
തോക്ക് കേസില്‍ തന്നെ കോടതി വെറുതെവിട്ടു. സി.ഐയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞായിരുന്നു തനിക്കെതിരെ അന്ന് കേസെടുത്തത്. വെടിയുണ്ട കൈകൊണ്ട് തട്ടിക്കളഞ്ഞെന്ന് പറഞ്ഞായിരുന്നു അന്ന് ആ സി.ഐ കോടതിയില്‍ പോയത്. ഒന്‍പത് വര്‍ഷമായി തന്നെ വേട്ടയാടുന്നു. വൃദ്ധസദനം, ആശുപത്രി, സ്കൂള്‍, കോളേജ് തുടങ്ങിയ കാര്യങ്ങളുമായി താന്‍ മുന്നോട്ട് പോകുകയാണ്. തനിക്ക് കുടുംബമില്ല. സമൂഹമാണ് തന്റെ കുടുംബം. ഒരു പണിയുമെടുക്കാതെ മൃഷ്ടാന്നം ഭക്ഷണം കഴിച്ച് മഠത്തിലിരിക്കുന്ന സ്വാമിമാരെ പോലെയല്ല തോക്ക് സ്വാമിയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മരണ ഭയമില്ല. തനിക്ക് ആശ്രമമില്ല. ഹിമാലയത്തില്‍ കിടക്കുന്ന അഘോര വിഭാഗത്തിലെ സന്യാസിയാണ് ഞാന്‍. വെറുതെയല്ല പൊലീസുകാരെ കൊച്ചിക്കാര്‍ കിറുക്കന്മാരെന്ന് വിളിക്കുന്നത്. ഇത്പോലെ ആയാല്‍ നിങ്ങളെയും പിടിക്കുമെന്നും ഹിമവല്‍ ഭദ്രാനന്ദ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
