കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ ഹിമവല്‍ ഭദ്രാനന്ദയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 1.30ന് എറണാകുളം പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയ്ക്കു പുറത്തുവെച്ചാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.
ആലുവ സി ഐ ഓഫീസിനുളളില്‍ വെടിയുതിര്‍ക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത ഹിമവല്‍ ഭദ്രാനന്ദയുടെ കേസില്‍ കോടതി ഇന്ന് വിധി പറയുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് വ്യാഴാഴ്ചയിലേക്ക് മാറ്റിയതറിഞ്ഞ് പുറത്തിറങ്ങിയ ഹിമവല്‍ ഭദ്രാനന്ദെയെ കൊച്ചി സിറ്റി പൊലീസ് സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മഫ്തിയിലെത്തിയ സംഘം ഹിമവല്‍ ഭദ്രാനനന്ദയെ ബലമായി പിടിച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്നാണ് കേസ്. എന്നാല്‍ താന്‍ നിരപരധിയാണെന്നും പൊലീസ് മുന്‍വൈരാഗ്യത്തോടെ പെരുമാറുകയാണെന്നാണ് ഹിമവല്‍ ഭദ്രാനന്ദയുടെ ആരോപണം.
